മക്ക – വിശുദ്ധ റമദാനില്‍ മക്കയിലും മദീനയിലും ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും അടക്കമുള്ള ടൂറിസം മേഖലാ സ്ഥാപനങ്ങളില്‍ ടൂറിസം മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 224 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. മക്കയില്‍ 164 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 140 എണ്ണം മോശം സേവന നിലവാരവുമായി ബന്ധപ്പെട്ടവയും 24 എണ്ണം ലൈസന്‍സില്ലാത്തതുമായി ബന്ധപ്പെട്ടവയുമായിരുന്നു. മദീനയില്‍ 60 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 54 എണ്ണം മോശം സേവന നിലവാരവുമായി ബന്ധപ്പെട്ടവയും ആറെണ്ണം ലൈസന്‍സില്ലാത്തതുമായി ബന്ധപ്പെട്ടവയുമായിരുന്നു.
റമദാനില്‍ ടൂറിസം മേഖലാ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച പരാതികള്‍ മക്കയിലെയും മദീനയിലെയും ടൂറിസം മന്ത്രാലയം കണ്‍ട്രോള്‍ റൂമുകളില്‍ ഇരുപത്തിനാലു മണിക്കൂറും സ്വീകരിക്കുന്നുണ്ട്. റമദാനില്‍ ടൂറിസം സ്ഥാപനങ്ങള്‍ക്കെതിരെ മക്കയില്‍ 1,060 ഉം മദീനയില്‍ 220 ഉം പരാതികള്‍ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ചു. പരാതികള്‍ക്ക് 24 മണിക്കൂറിനകം പരിഹാരം കാണുന്നതായും ടൂറിസം മന്ത്രാലയം അറിയിച്ചു.