ദുബൈ: എപ്രിൽ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ പെട്രോളിന് നിരക്ക് കൂടി. അതേസമയം ഡീസലിന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ ഇന്ധന വില നിർണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്. പുതിയ വില തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
തുടർച്ചയായ രണ്ടാം മാസമാണ് പെട്രോളിന് നേരിയ വർധന രേഖപ്പെടുത്തുന്നത്. പെട്രോളിന് 12 ഫിൽസ് വരെയാണ് ഇത്തവണ കൂടിയിട്ടുള്ളത്. ഡീസലിന് 7 ഫിൽസാണ് കുറഞ്ഞത്. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.03 ദിർഹമായിരുന്നത് ഇതോടെ 3.15ഫിൽസായി. കഴിഞ്ഞ മാസം 2.92 ദിർഹമായിരുന്ന സ്പെഷൽ 95 പെട്രോളിന് ഇത്തവണ വില 3.03ദിർമായി. ഇ പ്ലസ് 91 ലിറ്ററിന് 2.96 ദിർഹമായാണ് വർധിച്ചത്.
കഴിഞ്ഞ മാസം ഇതിന് 2.85 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.16 ദിർഹമായിരുന്നത് 3.09ദിർഹമായി കുറഞ്ഞിരിക്കുകയാണ്. ഇന്ധനവിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിൽ പ്രതിഫലിക്കും.