റിയാദ്- ഈയിടെയായി സൗദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി നിരസിക്കപ്പെടുന്നുണ്ട്. ഇതിനുള്ള കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേർക്കേണ്ട അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയിലായിരിക്കണമെന്ന നിര്‍ദേശത്തോടെയാണ് മന്ത്രാലയം തള്ളുന്നത്. എന്നാല്‍ അറബിയില്‍ നല്‍കുന്ന അപേക്ഷകള്‍ നിരസിക്കുന്നുമില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതിനകം നിരവധി ഇംഗ്ലീഷ് അപേക്ഷകള്‍ തള്ളിയിട്ടുണ്ടെന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
നാട്ടില്‍ നിന്ന് സന്ദര്‍ശന വിസയില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന വ്യക്തികളുടെ പേരും പാസ്‌പോര്‍ട്ട് നമ്പറും മാത്രമാണ് ഇംഗ്ലീഷില്‍ നല്‍കേണ്ടത്. ബാക്കിയെല്ലാം അറബിയില്‍ നല്‍കണം. വര്‍ഷങ്ങളായി ഇതുതന്നെയായിരുന്നു ഈ അപേക്ഷയുടെ മാനദണ്ഡമായി സ്വീകരിച്ചിരുന്നത്. ഇടക്ക് വെബ്‌സൈറ്റ് പരിഷ്‌കരിക്കുകയും ഇംഗ്ലീഷില്‍ വിവരങ്ങള്‍ പൂരിപ്പിക്കാനുള്ള സംവിധാനം ഉണ്ടാവുകയും ചെയ്തു. ഇതനുസരിച്ച് പലരും അപേക്ഷ നല്‍കുകയും വിസ പാസാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഇംഗ്ലീഷില്‍ നല്‍കുന്ന അപേക്ഷകള്‍ ഭൂരിഭാഗവും സ്വീകരിക്കുന്നില്ല. ചേംബര്‍ അറ്റസ്റ്റേഷന്‍ പൂര്‍ത്തിയായ ശേഷമാണ് അപേക്ഷ തള്ളുന്നത്. അതേസമയം അറബിയില്‍ നല്‍കുന്ന അപേക്ഷകള്‍ക്ക് അറ്റസ്റ്റേഷന്‍ പൂര്‍ത്തിയായ ശേഷം ഉടന്‍ വിസ അനുവദിക്കുന്നുമുണ്ട്. എന്നാല്‍ പലരും അപേക്ഷ നിരസിക്കപ്പെട്ടതിന്റെ കാരണം മനസ്സിലാക്കാതെ വീണ്ടും വീണ്ടും ഇംഗ്ലീഷില്‍ അപേക്ഷ നല്‍കി നിരസിക്കപെടുന്ന അവസ്ഥയാണുള്ളത്.
സ്ഥാപന ഉടമകളുമായി ബന്ധപ്പെട്ടാണ് ചേംബര്‍ അറ്റസ്റ്റേഷന്‍ ലഭിക്കാറുള്ളത്. ഫാമിലി വിസകള്‍ക്ക് അറ്റസ്റ്റേഷന്‍ ലഭിക്കണമെങ്കില്‍ പലര്‍ക്കും ഏതാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അപേക്ഷകള്‍ നിരസിക്കപ്പെട്ടാല്‍ വീണ്ടും അപേക്ഷ തയ്യാറാക്കി ചേംബര്‍ അറ്റസ്റ്റേഷന് നല്‍കണം. എന്നാല്‍ ആദ്യമേ അറബിയില്‍ അപേക്ഷ തയ്യാറാക്കിയാല്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. അറബ് രാജ്യക്കാര്‍ക്ക് പേരും മറ്റെല്ലാ വിവരങ്ങളും അറബിയില്‍ തന്നെയാണ് നല്‍കേണ്ടത്.