ജിദ്ദ – നിയമങ്ങളും നിയമാവലികളും പാലിക്കാത്തതിന് രണ്ടു ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളും നാലു ഡെലിവറി ആപ്പുകളും വിലക്കിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ഈ ആറു ആപ്പുകളും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. അനുയോജ്യവും സുരക്ഷിതവുമായ ഉപഭോക്തൃ അനുഭവം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നിയമ വിരുദ്ധ ആപ്പുകള്‍ വിലക്കിയത്.
രാജ്യത്ത് ഉപഭോക്തൃ അവകാശങ്ങള്‍ സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, മുഴുവന്‍ ആപ്പുകളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരും. വിശ്വാസയോഗ്യവും സുരക്ഷിതവുമായ സേവനം ലഭിക്കുന്നത് ഉറപ്പാക്കാന്‍ ലൈസന്‍സുള്ള ആപ്പുകളുമായി മാത്രം ഉപയോക്താക്കള്‍ ഇടപാടുകള്‍ നടത്തണം. ഓണ്‍ലൈന്‍ ടാക്‌സി, ഡെലിവറി ആപ്പുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ചും അവയെ കുറിച്ച പരാതികളും 19929 എന്ന ഏകീകൃത നമ്പര്‍ വഴി സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.