ദോഹ: ഖത്തറിൽനിന്ന് മറ്റു വിദേശരാജ്യങ്ങളിലേക്ക് പണമയക്കുന്ന ഫീസ് നിരക്കുയർത്തി പണവിനിമയ സ്ഥാപനങ്ങൾ. ഇന്ത്യക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുമ്പോൾ അധിക തുക ഇതിനകം ഈടാക്കിത്തുടങ്ങി. വർഷങ്ങളായി 15 റിയാലായിരുന്നു പണമയക്കുന്നതിന് മണി എക്സ്ചേഞ്ചുകൾ ഈടാക്കിയതെങ്കിൽ മാർച്ച് ആദ്യവാരം മുതൽ ഇത് അഞ്ചു റിയാൽ വർധിപ്പിച്ച് 20 റിയാലാണ് ഈടാക്കുന്നത്. 20 വർഷത്തിനുശേഷമാണ് പണവിനിമയത്തിനുള്ള നിരക്ക് വർധിപ്പിക്കുന്നതെന്ന് മണി എക്സ്ചേഞ്ച് മേഖലയിലുള്ളവർ പറഞ്ഞു. ഓൺലൈൻ വഴിയും നേരിട്ടും പണമയക്കുന്നതിനും പുതിയ നിരക്കുവർധന ബാധകമാണ്.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പണമയക്കാൻ ഈ നിരക്കാണ് ഈടാക്കുന്നത്. അതേസമയം, യൂറോപ്യൻ രാജ്യങ്ങളിലേക്ക് സേവനത്തിനനുസരിച്ച് ഫീസ് നിരക്ക് വ്യത്യാസപ്പെടും. അതേസമയം, നേരത്തേയുള്ള പരിധികളിൽ വിവിധ സ്ഥാപനങ്ങൾ ഇളവുകൾ നൽകിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിലേറെയായി മേഖലയിൽതന്നെ കുറഞ്ഞ നിരക്കാണ് ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങൾ ഈടാക്കിയത്. ഓരോ വർഷവും ചെലവുകൾ വർധിക്കുമ്പോഴും സാധാരണ തൊഴിലാളികൾ ഉൾപ്പെടെ എല്ലാ പ്രവാസികളുടെയും ആശ്രയമായ പണവിനിമയ സ്ഥാപനങ്ങൾ 10 മുതൽ 15 റിയാൽ വരെയായി ഫീസ് നിലനിർത്തുകയായിരുന്നു.
അനിവാര്യമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ വർധനയെന്ന് മേഖലയിൽനിന്നുള്ളവർ പറഞ്ഞു.യു.എ.ഇയിൽ നിലവിൽ 5000 ദിർഹം വരെ അയക്കാൻ 23 ദിർഹമാണ് ഫീസ്. സൗദിയിൽ 19 റിയാലും ഒമാനിൽ രണ്ട് ഒമാനി റിയാലും (433 രൂപ) ഈടാക്കുന്നു.