റിയാദ്: ‘കൺസൾട്ടിങ്’ രംഗത്തെ ജോലികളിൽ 40 ശതമാനം ഇനി സൗദി പൗരർക്ക്. സ്വദേശിവത്കരണ തീരുമാനത്തിെൻറ രണ്ടാംഘട്ടം പ്രാബല്യത്തിലായെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തിങ്കൾ (മാർച്ച് 25) മുതലാണ് രണ്ടാംഘട്ടം നടപ്പായത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ തുടർച്ചയാണ് ഈ തീരുമാനം.
ഫിനാൻഷ്യൽ കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, ബിസിനസ് കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി കൺസൾട്ടിങ് സ്പെഷ്യലിസ്റ്റ്, പ്രോജക്ട് മാനേജ്മെൻറ് മാനേജർ, പ്രോജക്ട് മാനേജ്മെൻറ് എൻജിനീയർ, പ്രോജക്ട് മാനേജ്മെൻറ് സ്പെഷ്യലിസ്റ്റ് എന്നിവയാണ് 40 ശതമാനം സൗദി പൗരർക്കായി നിജപ്പെടുത്തിയ പ്രധാനപ്പെട്ട തസ്തികൾ. ഫിനാൻഷ്യൽ കൺസൾട്ടിങ്, മെഡിക്കൽ കൺസൾട്ടിങ്, എൻജിനീയറിങ്- ആർക്കിടെക്ചറൽ കൺസൾട്ടിങ്, സീനിയർ മാനേജ്മെൻറ് കൺസൾട്ടിങ് എന്നിവയാണ് സ്വദേശിവത്കരണം നടപ്പാക്കുന്ന കൺസൾട്ടിങ് മേഖല.
അതെസമയം, തൊഴിൽ വിപണിയിൽ സൗദികളുടെ പങ്കാളിത്തം ഉയർത്തുന്നതിനായുള്ള കൺസൾട്ടിങ് ജോലികളുടെ സ്വദേശിവത്കരണ രണ്ടാംഘട്ടം തീരുമാനം പിന്തുടരാനും നടപ്പാക്കാനും ശ്രമിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം വിശദീകരിച്ചു. തൊഴിൽ വിപണിയുടെ ആവശ്യകതകൾക്ക് അനുസൃതമായി ധനമന്ത്രാലയം, ഗവൺമെൻറ് പ്രൊക്യുർമെൻറ് അതോറിറ്റി, ചെലവുകാര്യക്ഷമതക്കും സർക്കാർ പദ്ധതികൾക്കും വേണ്ടിയുള്ള അതോറിറ്റി, മാനവവിഭവശേഷി വികസന ഫണ്ട് ‘ഹദഫ്’ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്. മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ സ്വദേശിവത്കരണം, ജോലികൾ, ആവശ്യമായ ശതമാനം എന്നിവ വിശദീകരിക്കുന്ന ഒരു നടപടിക്രമ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ ചുമത്തുന്ന നിയമപരമായ പിഴകൾ ഒഴിവാക്കുന്നതിന് സ്ഥാപനങ്ങൾ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം പറഞ്ഞു.