മസ്കത്ത്: ഇന്ത്യൻ സർക്കാർ സവാളക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധം വീണ്ടും നീട്ടിയത് വില ഉയർന്നുതന്നെ നിൽക്കാൻ കാരണമാക്കും. ആഭ്യന്തര മാർക്കറ്റിൽ ഉള്ളിയുടെ ലഭ്യത കുറവാണെന്ന കാരണം പറഞ്ഞ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് കയറ്റുമതി നിരോധം അനിശ്ചിതമായി നീട്ടിയത്. കഴിഞ്ഞ ഡിസംബർ അവസാനത്തിലാണ് മാർച്ച് 31വരെ ഉള്ളിക്ക് കയറ്റുമതി നിരോധം ഏർപ്പെടുത്തി ഉത്തരവിറക്കിയത്.
ഈ മാസം ആദ്യത്തിൽ ബംഗ്ലാദേശ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾക്ക് കുറഞ്ഞ തോതിൽ ഉള്ളി കയറ്റുമതി ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ ഉള്ളി കയറ്റുമതി നിരോധം ഒമാൻ മാർക്കറ്റിനെ ഏറെ പ്രതികൂലമായി ബാധിച്ചതായി നെസ്റ്റോ ഹൈപർ മാർക്കറ്റ് റീജ്യനൽ ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു.
നിരോധം കാരണം ഉള്ളി വില ഉയർന്നു തന്നെ നിൽക്കും. എന്നാൽ, ഇനിയും വില വർധിക്കില്ല. ഇന്ത്യയുടെ കയറ്റുമതി നിയന്ത്രണം അവസാനിപ്പിച്ചാൽ മാത്രമേ ഉള്ളി വില കുറയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതി നിയന്ത്രണം വന്നതോടെ മാർക്കറ്റിൽ നല്ല ഉള്ളി കിട്ടാതായിട്ടുണ്ട്. മാർക്കറ്റിലെ മികച്ച ഉള്ളിയും വില കുറവും ഇന്ത്യൻ ഉള്ളിക്കാണ്.
ഗുണനിലവാരത്തിൽ പാകിസ്താൻ ഉള്ളിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യൻ ഉള്ളിയുടെ നിയന്ത്രണ സമയത്ത് പാകിസ്താൻ ഉള്ളി മാർക്കറ്റിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാകിസ്താൻ ഉള്ളി സീസൺ അവസാനിക്കുകയും ഗുണനിലവാരമുള്ള ഉള്ളിയുടെ വരവ് നിലക്കുകയും ചെയ്തു.
നിലവിലൽ സുഡാൻ, യമൻ എന്നീ രാജ്യങ്ങളുടെ ഉള്ളിയാണ് മാർക്കറ്റിലെത്തുക. ഇവ ഗുണനിലവാരത്തിൽ ഇന്ത്യൻ ഉള്ളിക്കൊപ്പമെത്തില്ല. യമൻ ഉള്ളി താരതമ്യേന ചെറുതുമാണ്. ഇന്ത്യൻ ഉള്ളിക്ക് ദൗർലഭ്യം അനുഭവപ്പെടുന്നത് ഹോട്ടൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നല്ല ഉള്ളി ലഭിക്കാത്തത് പാചകത്തെ ബാധിക്കുന്നതായും ചില ഹോട്ടൽ ഉടമകൾ പറയുന്നു. ഉള്ളി വില കുടുംബ ബജറ്റുകൾ താളം തെറ്റിക്കാൻ തുടങ്ങിയതോടെ പലരും ഉപയോഗം ഗണ്യമായി കുറച്ചിട്ടുണ്ട്. ചെറുകിട ഹോട്ടലുകളിൽ സലാഡിൽ നിന്നും ഉള്ളി അപ്രത്യക്ഷമാവുകയും ഉള്ളി കൊണ്ടുള്ള പലഹാരങ്ങൾ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്.
