ജിദ്ദ: സഊദിയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങളും മഴയും തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
മോശം കാലാവസ്ഥയിൽ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും വെള്ളപ്പൊക്കമുണ്ടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കുകയും സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ജീവന് അപകടകരമായതിനാൽ വെള്ളപ്പൊക്കത്തിൽ നീന്തരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വിവിധ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ സൈറ്റുകളിലൂടെയും പ്രഖ്യാപിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മക്ക മേഖലയിലെ തുർബ, റാനിയ, അൽ മാവിയ, അൽ ഖുർമ, അൽ അർദിയാത്ത് എന്നിവിടങ്ങളിലും അൽ ബാഹ, അസീർ, ജിസാൻ, അൽ ജൗഫ്, ഹായിൽ, അൽ ഖസിം,
മേഖലകളിലും കാലാവസ്ഥാ വ്യതിയാനങ്ങളും മഴയും അനുഭവപ്പെടുമെന്ന് ഡയറക്ടറേറ്റിൻ്റെ പ്രസ്താവനയിൽ പറയുന്നു.
റിയാദ് നഗരം, അഫീഫ്, അൽ ദവാദ്മി, അൽ ഖുവയ്യ, അൽ മജ്മഅ, താദിഖ്, മാറാട്ട്, അൽ ഘട്ട്, അൽ സുൽഫി, ഷഖ്‌റ, റുമ, ഹുറൈമല, അദ് ദിരിയ എന്നിവിടങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങളും മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. റിയാദ് മേഖലയിലെ ദുർമ, അൽ മുസഹ്മിയ, അൽ ഖർജ്, വാദി അൽ ദവാസിർ, അൽ സലീൽ, അൽ അഫ്ലാജ്, ഹൊതാത് ബാനി തമീം ഈ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അത് പേമാരി, ആലിപ്പഴം, പൊടിക്കാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
മക്ക നഗരം, അൽ ജുമും, തായിഫ്, മയ്‌സാൻ, മക്ക മേഖലയിലെ അദ്‌ഹം, റിയാദ്, മദീന, ജിസാൻ
എന്നീ പ്രദേശങ്ങളെയും നേരിയതോ മിതമായതോ ആയ മഴ ബാധിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.