ദുബൈ: അടുത്ത വർഷം മുതൽ രാജ്യത്തെ മുഴുവൻ സ്വകാര്യ കമ്പനി ജീവനക്കാരെയും ഗാർഹിക തൊഴിലാളികളെയും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
തൊഴിലാളികൾക്ക് പുതിയ വിസ എടുക്കുമ്പോഴും പുതുക്കുമ്പോഴും തൊഴിൽദാതാവിനായിരിക്കും ആരോഗ്യ ഇൻഷുറൻസ് തുക അടക്കാനുള്ള ബാധ്യത. അടുത്ത വർഷം ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ അബൂദബിയിലും ദുബൈയിലും ഒഴികെ മറ്റ് എമിറേറ്റിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമല്ല. അബൂദബിയിൽ ജീവനക്കാരുടെ കുടുംബങ്ങളെയും നിർബന്ധിത ഇൻഷൂറൻസ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും നിലവാരമുള്ള ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുകയാണ് പുതിയ നിയമത്തിന്‍റെ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി രാജ്യവ്യാപകമായി ബോധവത്കരണ കാമ്പയിനുകൾ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
കഴിഞ്ഞ വർഷം തൊഴിലാളികൾക്ക് തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ, ഫെഡറൽ ഗവൺമെന്‍റ് ജീവനക്കാരായ 72 പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.