ജിദ്ദ: ജിദ്ദ ഡൗൺടൗൺ പദ്ധതി നടപ്പാക്കാൻ ആരംഭിച്ചു. സൗദി പൊതുനിക്ഷേപ ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നായ സെൻട്രൽ ജിദ്ദ ഡെവലപ്‌മെൻറ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാം സംവിധാനങ്ങളും പൂർത്തിയാക്കിയ ശേഷമാണിത്. ഒരു കോൺക്രീറ്റ് ഫാക്ടറി സ്ഥാപിച്ചതായി സെൻട്രൽ ജിദ്ദ ഡെവലപ്മെൻറ് കമ്പനി വ്യക്തമാക്കി.
പദ്ധതിക്ക് ആവശ്യമായ കോൺക്രീറ്റ് ബ്ലോക്കുകൾ നിർമിക്കാൻ സ്ഥാപിച്ച ഇൗ ഫാക്ടറിക്ക് പ്രതിദിനം 1,500 ക്യുബിക് മീറ്റർ ഉൽപാദന ശേഷിയുണ്ട്. കൂടാതെ പദ്ധതിയുടെ എല്ലാ ഡിസൈനുകളും പൂർത്തിയായി. സ്പോർട്സ് സ്റ്റേഡിയം, ഒാപ്പറ ഹൗസ്, ഒാഷ്യനോറിയം, മ്യൂസിയം എന്നീ നാല് ബൃഹത്തായ പദ്ധതികൾ ഉൾക്കൊള്ളുന്നതാണ് ജിദ്ദ ഡൗൺടൗൺ പദ്ധതി. ഇവ നടപ്പാക്കുന്നതിനായി പ്രമുഖ ദേശീയ അന്തർദേശീയ കരാർ കമ്പനികളുമായി നാല് കരാറുകളിൽ അടുത്തിടെ ഒപ്പുവെച്ചതായും സെൻട്രൽ ജിദ്ദ കമ്പനി പറഞ്ഞു. ജിദ്ദ ഡൗൺടൗൺ പദ്ധതി സംബന്ധിച്ച കിരീടാവകാശിയുടെ പ്രഖ്യാപനം വന്നതിനുശേഷം പ്രാഥമിക നടപടികൾ കമ്പനി നേരത്തെ പൂർത്തിയാക്കിട്ടുണ്ട്.
വാട്ടർഫ്രണ്ട്, ബീച്ച് നിർമാണം എന്നിവ ആരംഭിക്കുന്നതിന് മുമ്പ് സ്പെഷലൈസ്ഡ് വർക്ക് ടീം സൈറ്റിനെയും അതിന്റെ കര-ജല ചുറ്റുപാടുകളെയും കുറിച്ച് സമഗ്രവും വിശദവുമായ പാരിസ്ഥിതിക പഠനങ്ങൾ നടത്തിയിരുന്നു. പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനുള്ള മികച്ച മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം 75 ശതകോടി റിയാൽ മുതൽമുടക്കിൽ 57 ലക്ഷം ചതുരശ്ര മീറ്റർ വികസിപ്പിച്ചു കൊണ്ടാണ് ജിദ്ദ ഡൗൺ ടൗൺ പദ്ധതി നടപ്പാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യത്തേത് 2027 അവസാനത്തോടെ പൂർത്തിയാകും.
ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക