റിയാദ്: മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത കേടുവന്ന ഈത്തപ്പഴങ്ങൾ സൂക്ഷിച്ചുവെച്ച് റീ പാക്ക് ചെയ്ത് വിൽക്കുന്ന സംഘം പിടിയിൽ. റിയാദിലെ ഗുബേര ഡിസ്ട്രിക്ടിലെ അപ്പാർട്മെൻറിനുള്ളിൽ നിന്നാണ് കേടായ ഈത്തപ്പഴം പിടികൂടിയത്. ഫാൻസി പേരുകളിലെ പുതിയ പാക്കറ്റിൽ നിറച്ച് പുതിയ തീയതി രേഖപ്പെടുത്തി വിൽപന നടത്തിവന്ന സംഘത്തെയാണ് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, റിയാദ് പൊലീസ് എന്നിവയുടെ സഹകരണത്തോടെ രഹസ്യനിരീക്ഷണം നടത്തി കഴിഞ്ഞദിവസം അർധരാത്രി വാണിജ്യ മന്ത്രാലയത്തിന്റെ ഫീൽഡ് സംഘം പിടികൂടിയത്.
സ്ഥലത്തുനിന്ന് പിടിയിലായ ഏഴ് തൊഴിലാളികളെ പിന്നീട് നിയമപരമായ ശിക്ഷനടപടികൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തു. പാക്കിങ്ങിനായി തയാറാക്കിയ 400 കിലോ കേടായ ഈത്തപ്പഴം, പാക്കിങ്ങിനായി തയാറാക്കിയ 3000 ഒഴിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, 5000 ഒഴിഞ്ഞ കാർട്ടണുകൾ, ഒന്നിലധികം തരം ഈത്തപ്പഴങ്ങളുടെയും വ്യാജ കാലഹരണ തീയതികളുടെയും പേരുകളുള്ള ഒരു ലക്ഷം സ്റ്റിക്കർ ലേബലുകൾ എന്നിവ പിടിച്ചെടുത്തു.