ദുബൈ: നിക്ഷേപകർക്ക് രജിസ്ട്രേഷൻ നടപടികൾ എളുപ്പത്തിലും വേഗത്തിലും പൂർത്തീകരിക്കാനായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപവത്കരിച്ച് ദുബൈ സർക്കാർ.
ദുബൈ ഭരണാധികാരിയുടെ അധികാരം ഉപയോഗിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതുസംബന്ധിച്ച നിയമത്തിന് അംഗീകാരം നൽകിയത്.
നിലവിൽ ദുബൈയിലെ കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നിയന്ത്രിച്ചിരുന്ന ഇക്കണോമിക് ഡിപ്പാർട്മെന്‍റ്, ടൂറിസം വകുപ്പ്, ഫ്രീസോൺ, സ്പെഷൽ ഡെവലപ്മെന്‍റ് സോൺ അതോറിറ്റികൾ, ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ (ഡി.ഐ.എഫ്.സി), മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവയെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം.
വിവിധ ഡിപ്പാർട്മെന്‍റുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിനും ലൈസൻസുകൾ നേടുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി മികച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് രൂപവത്കരിക്കുക. ഇതുവഴി നിക്ഷേപകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ദുബൈയിലെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളിലും നിയമം ബാധകമാണ്. ദുബൈയിലെ നിക്ഷേപകർക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടികൾ എളുപ്പത്തിലും സുതാര്യമാക്കുന്നതിനും ഇത് സഹായിക്കും.
നിക്ഷേപങ്ങൾ ആഗ്രഹിക്കുന്ന ബിസിനസ് സംരംഭകർക്ക് ലൈസൻസുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ മറികടക്കാൻ പുതിയ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. ലൈസൻസ് അനുവദിക്കുന്ന ഡിപ്പാർട്മെന്‍റുകൾക്കും മറ്റ് പ്രധാന സ്ഥാപനങ്ങൾക്കും ഇടയിൽ സംയോജിത ഇലക്ട്രോണിക് സംവിധാനം കൊണ്ടുവരുന്നതിലൂടെ നടപടിക്രമങ്ങളിലെ ഇരട്ടിപ്പും ഇല്ലാതാകും.
മുഴുവൻ മേഖലകളിലും ഡിജിറ്റൽ പരിവർത്തനം ലക്ഷ്യമിടുന്ന ദുബൈ ഇക്കണോമിക് അജണ്ടയുമായി ചേർന്നുനിൽക്കുന്നതാണ് പുതിയ നിയമം.
ബിസിനസ് സ്ഥാപനങ്ങൾക്ക് ലൈസൻസും പെർമിറ്റും നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികൾക്കും നിയമങ്ങൾ ബാധകമായിരിക്കും.