മക്ക: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ റമദാന്റെ ആദ്യരാത്രിയിലും രണ്ടാം രാവിലും മക്ക, മദീന ഹറമുകളിൽ തറാവീഹ് നമസ്കാരത്തിൽ അണിനിരന്നത് വിദേശികളും സ്വദേശികളും തീർഥാടകരുമടക്കം ലക്ഷങ്ങൾ. ഞായാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവികണ്ട വിവരം ലഭിച്ചതോടെ ഇശാഅ്, തറാവീഹ് നമസ്കാരങ്ങളിൽ പങ്കെടുക്കാൻ ആളുകൾ ഹറമുകളിലേക്ക് ഒഴുകിയെത്തി.
മക്ക ഹറമിലെ തറാവീഹ് നമസ്കാരത്തിന് ശൈഖ് ബദർ അൽ തുർക്കി, ഡോ. അൽ വലിദ് അൽ ശംസാൻ, ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് എന്നിവർ നേതൃത്വം നൽകി. സംസം, ഉന്തുവണ്ടികൾ, മുസ്ഹഫുകൾ, നമസ്കാര പരവതാനി തുടങ്ങി തീർഥാടകർക്കാവശ്യമായ എല്ലാ സേവനങ്ങളും ഇരുഹറം കാര്യാലയം നേരത്തെ ഒരുക്കിയിരുന്നു.
സേവനത്തിനായി സ്ത്രീകളും പുരുഷന്മാരുമായി 12,000 ജീവനക്കാരെയും സന്നദ്ധപ്രവർത്തകരെയും വിവിധ ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. മുഴുവൻസമയ ശുചീകരണത്തിനും അണുമുക്തമാക്കലിനും നൂതനമായ ഉപകരണങ്ങളുമായി ആവശ്യമുള്ള ജോലിക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക