റിയാദ്- വിശുദ്ധ റമദാനിന്റെ വരവോടെ ഇരുഹറമുകളിലും വന്‍ജനത്തിരക്ക് തുടങ്ങി. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തീര്‍ഥാടകരെ സ്വീകരിക്കാന്‍ അഞ്ചു ഘട്ട പദ്ധതികളാണ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കിവരുന്നത്. ഇതിന്റെ ആദ്യഘട്ടം ഇന്നലെ തുടങ്ങി.
തീര്‍ഥാടകര്‍ പ്രവേശിക്കേണ്ടവാതിലുകളിലും മുറ്റങ്ങളും നിശ്ചയിച്ചുകഴിഞ്ഞു. തിരക്കുള്ള സമയങ്ങളിലും മറ്റും സ്വീകരിക്കേണ്ട നീക്കങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ലൈറ്റ്, സൗണ്ട്, എയര്‍കണ്ടീഷന്‍, കോണിപ്പടികള്‍, ബാത്‌റൂം, മുസല്ലകള്‍, അവയുടെ ശുചീകരണം, സംസം വിതരണം, നോമ്പുതുറ, ത്വവാഫ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പ്രത്യേകം ടീമിനെ നിയോഗിച്ചു. മുറ്റങ്ങള്‍, മസ്ജിദുല്‍ ഹറാമിന്റെ ഉള്‍ഭാഗങ്ങള്‍, മതാഫ് മുറ്റം, മസ്അ എന്നിവിടങ്ങളില്‍ ഉംറ തീര്‍ഥാടകര്‍ക്ക് നേരിട്ട് സേവനങ്ങള്‍ ലഭ്യമാകും. നമസ്‌കാരത്തിനെത്തുന്നവര്‍ക്ക് ബാബുസ്സലാം, ബാബുല്‍ മലിക് അബ്ദുല്‍ അസീസ്, ബാബുല്‍ മലിക് ഫഹദ് എന്നിവിടങ്ങളിലെ പോയന്റുകളും മുറ്റങ്ങളും മസ്ജിദുല്‍ ഹറാമിന്റെ ഉള്‍ഭാഗങ്ങളും സൗകര്യപ്പെടുത്തി.
അതേസമയം കടകളിലും വ്യാപാരസ്ഥാപനങ്ങളിലും മക്ക നഗരസഭ നിരീക്ഷണം ശക്തമാക്കി. പൊതുശുചീകരണം, അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കല്‍ തുടങ്ങിയവ നഗരസഭയുടെ നിയന്ത്രണത്തിലാണ്.
മക്കയിലെ വിവിധ മസ്ജിദുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനനിരതമാക്കുന്നതിനുള്ള പദ്ധതികള്‍ ഇസ്ലാമിക കാര്യമന്ത്രാലയം ഏര്‍പ്പെടുത്തി.