കോഴിക്കോട്: സഊദിയിലേക്ക് യാത്ര പോകാൻ ഉദ്ദേശിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി പുതിയ തീരുമാനം. ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാൻ വിവാഹ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ വിഎഫ്എസ് എളുപ്പമാക്കി. ഇതോടെ, വിസ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ട ഘട്ടങ്ങളിൽ എംബസി അറ്റസ്റ്റേഷൻ ആവശ്യമില്ല. പകരം അപ്പോസ്റ്റൽ മാത്രം മതി.ഇക്കാര്യം അറിയിച്ച് വി എഫ് എസ് നോട്ടിസ് പുറത്തിറക്കി. നിലവിൽ ഭർത്താവിന്റെ പാസ്പോർട്ടിൽ ഭാര്യയുടെ പേര് വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലോ പേര് വിവരങ്ങൾ ഇല്ലെങ്കിലോ ദമ്പതികൾ ആണെന്ന് തെളിയിക്കാൻ വിവാഹ സർട്ടിഫിക്കറ്റുകൾ എംബസിയിൽ നിന്ന് അറ്റസ്റ്റ് ചെയ്യേണ്ടിയിരുന്നു. അറ്റസ്റ്റ് ചെയ്ത ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മാത്രമേ കുടുംബ വിസ സ്റ്റാമ്പ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.എന്നാൽ, അടുത്തിടെ എംബസിയിൽ അറ്റസ്റ്റേഷന് നൽകിയാൽ ആഴ്ചകളോളം സമയം എടുക്കുന്നത് വിസ സ്റ്റാമ്പിങ്ങിനെ ബാധിക്കുകയും കുടുംബങ്ങൾ പ്രതിസന്ധിയിൽ ആകുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതേ തുടർന്നാണ് പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി പുതിയ തീരുമാനം പ്രഖ്യാപിച്ചത്. നാട്ടിൽ വെക്കേഷൻ സമയത്ത് കുടുംബങ്ങളെ കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന നിരവധി പേർക്ക് ആശ്വാസമാണ് പുതിയ തീരുമാനംഅപ്പോസ്റ്റൽ ചെയ്യേണ്ട സർട്ടിഫിക്കറ്റ് നാട്ടിലെ ജനറൽ സർവ്വീസ് ചെയ്യുന്ന ട്രാവൽസ് വഴി അപ്പോസ്റ്റാൽ അറ്റസ്റ്റേഷൻ കരസ്ഥമാക്കാം. മിനിസ്ട്രി ഓഫ് എക്സ്റ്റർണൽ അഫയേഴ്‌സ് ആണ് അപ്പോസ്റ്റാൽ അറ്റസ്റ്റേഷൻ നൽകുന്നത്. നിലവിൽ സഊദിയിലെ വിവിധ വിസ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ അപ്പോസ്റ്റൽ അറ്റസ്റ്റേഷൻ ആവശ്യമാണ്. രണ്ടായിരം രൂപ വരെ ഇതിനായി വിവിധ ട്രാവൽസുകൾ സർവ്വീസ് ചാർജ് ആയി ഈടാക്കുന്നുണ്ട്.