ദോഹ: ഭക്ഷ്യസുരക്ഷക്കായുള്ള ഇലക്ട്രോണിക് സംവിധാനമായ വാഥിഖിൽ അഞ്ച് പുതിയ സേവനങ്ങൾ കൂട്ടിച്ചേർത്ത് പൊതുജനാരോഗ്യ മന്ത്രാലയം. ഇതോടെ വാഥിഖിലെ സേവനങ്ങളുടെ എണ്ണം 19 ആയി ഉയർന്നു.
കയറ്റുമതിക്കുള്ള ഭക്ഷ്യഉൽപന്നങ്ങളുടെ പരിശോധന, സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ, സർട്ടിഫിക്കറ്റ് പരിശോധനക്കുള്ള അപേക്ഷ എന്നിവയാണ് പുതിയ സേവനങ്ങളെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇലക്ട്രോണിക് ഭക്ഷ്യസുരക്ഷ സംവിധാനം വികസിപ്പിക്കുന്നതിനും ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഓട്ടോമേഷൻ സംവിധാനം നടപ്പാക്കുന്നതിനായുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇ-സേവനങ്ങളെന്ന് മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷ വകുപ്പ് മേധാവി വസ്സാൻ അബ്ദുല്ല അൽ ബാകിർ പറഞ്ഞു.
ഇറക്കുമതിക്കാർ, വിതരണക്കാർ, റെഗുലേറ്ററി അതോറിറ്റികൾ തുടങ്ങിയ എല്ലാ പങ്കാളികൾക്കും അവരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഇത് സഹായിക്കുന്നുവെന്നും അൽ ബാക്കിർ കൂട്ടിച്ചേർത്തു.
തുറമുഖങ്ങളിൽ ഭക്ഷ്യ ചരക്കുകൾ പരിശോധിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനും സുഗമമാക്കുന്നതിനും സഹായിക്കുന്നതോടൊപ്പം കയറ്റുമതി ചെയ്തതോ വീണ്ടും കയറ്റുമതി ചെയ്യുന്നതോ ആയ ചരക്കുകളുടെ ഇലക്ട്രോണിക് പരിശോധന സാധ്യമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 2022 സെപ്റ്റംബറിൽ വാഥിഖ് ആരംഭിച്ചതിന് ശേഷം 6253 ഭക്ഷ്യ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തതായും 57,288 ഭക്ഷ്യ ഉൽപന്നങ്ങൾക്ക് അംഗീകാരം നൽകിയതായും അധികൃതർ അറിയിച്ചു.
ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക