യാംബു: സന്ദർശകരുടെ ആധിക്യം പരിഗണിച്ച് യാംബു പുഷ്മമേള ഏപ്രിൽ 30 വരെ നീട്ടി. മാർച്ച് ഒമ്പതിന് സമാപിക്കേണ്ട മേളയാണ് 52 ദിവസം കൂടി നീട്ടിയതായി റോയൽ കമീഷൻ സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പതിനായിരങ്ങളാണ് മേളക്ക് എത്തിക്കൊണ്ടിരുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് മലയാളികളും വൻതോതിലെത്തി. ദശലക്ഷത്തിലേറെ സന്ദർശകർ ഇതിനകം പുഷ്പമേള കാണാനെത്തിയതായി സംഘാടകർ അറിയിച്ചു.
മൂന്ന് ലോക റെക്കോഡുകൾ നേടിയ മേള ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക്, ഏറ്റവും വലിയ റോക്കറ്റിന്റെ മാതൃക എന്നിവയാണ് ആഗോള അംഗീകാരം നേടിയത്. വിശാലമായ പൂപരവതാനിക്ക് നേരത്തെ രണ്ടുതവണ ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു. യാംബു-ജിദ്ദ ഹൈവേ റോഡിനോട് ചേർന്നുള്ള അൽ മുനാസബാത്ത് പാർക്കിലാണ് പുഷ്പമേള നടക്കുന്നത്.
പൂക്കളുടെ വർണാഭമായ കാഴ്ചകൾ തൊട്ടടുത്ത് നിന്ന് ആസ്വദിക്കാൻ കഴിയുംവിധമാണ് ഇത്തവണ സന്ദർശകർക്കുള്ള നടപ്പാതകൾ ഒരുക്കിയിരിക്കുന്നത്. സ്വദേശി യുവതീയുവാക്കളുടെ വർധിച്ച സാന്നിധ്യവും സജീവതയും മുമ്പത്തേക്കാൾ ഈ വർഷം മേളയിലെങ്ങും പ്രകടമാണ്. സ്വദേശത്തെയും വിദേശങ്ങളിലെയും പ്രശസ്ത കമ്പനികളുടെ വൈവിധ്യമാർന്ന പവലിയനുകളുമുണ്ട്. അവിടങ്ങളിലും സന്ദർശകരുടെ നല്ല തിരക്കാണ്. രുചിഭേദങ്ങളുടെ ഫുഡ് കോർട്ടും വൈകുന്നേരങ്ങളിൽ സൗദി സാംസ്കാരിക വകുപ്പ് ഒരുക്കുന്ന കലാപരിപാടികളും ആളുകളെ ആകർഷിക്കുന്നുണ്ട്.
റീ സൈക്കിൾ ഗാർഡൻ, ടെക്നോളജി ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കോർണർ, ചിൽഡ്രൻസ് പാർക്ക്, ട്രാഫിക് സേഫ്റ്റി വില്ലേജ്, ഉല്ലാസകേന്ദ്രങ്ങൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, പൂക്കൾ കൊണ്ട് നിർമിച്ച കുന്നുകൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വൈകീട്ട് നാല് മുതൽ പുലർച്ചെ 2.30 വരെ മേള സന്ദർശിക്കാം. 11.50 റിയാലിെൻറ ഒറ്റടിക്കറ്റ് കൊണ്ട് എല്ലാ ദിവസവും മേളയിൽ പ്രവേശിക്കാം. https://yanbuflowerfestival.com.sa/en എന്ന ലിങ്കിൽനിന്ന് ടിക്കറ്റെടുക്കാം. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*