അബുദാബി: അവശ്യ സാധനങ്ങളുടെ വില വർധന അനുവദിക്കില്ലെന്ന് സാമ്പത്തിക മന്ത്രാലയം. റമദാനിൽ
അനധികൃതമായി വില കൂട്ടിയാൽ കടുത്ത നടപടിയുണ്ടാകും. വ്യാജ ഓഫറുകൾ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതും നിരീക്ഷിക്കും.
കുറ്റക്കാർക്കെതിരെ പിഴ ചുമത്തും. നിയമലംഘകരെ കണ്ടെത്താൻ മിന്നൽ പരിശോധന നടത്തുമെന്ന് സാമ്പത്തിക മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽഫാൻ അൽ ഷംസി വ്യക്തമാക്കി. റമസാനിൽ യുഎഇയിലെ എല്ലാ പ്രധാന സൂപ്പർമാർക്കറ്റുകളും ഉൽപന്നങ്ങൾക്ക് ആദായവിൽപന പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പ്രൈസ് ലോക്ക്, ബൈ നൗ പേ ലേറ്റർ തുടങ്ങി വിവിധ പദ്ധതികളുമുണ്ട്. ചില സ്ഥാപനങ്ങൾ നറുക്കെടുപ്പിലൂടെ പണവും കാർ ഉൾപ്പെടെ സമ്മാനങ്ങളും നൽകുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇടപാടുകൾക്ക് ഇളവുണ്ട്. ഓൺലൈൻ വ്യാപാര പോർട്ടലുകളായ ആമസോൺ, നൂൺ തുടങ്ങിയവരും ഇളവ് നൽകുന്നു.
75% വരെ നിരക്ക് ഇളവ്
4000 ഉൽപന്നങ്ങൾക്ക് 25 മുതൽ 75% വരെ നിരക്ക് ഇളവാണ് വ്യാപാര സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് അൽഷംസി സൂചിപ്പിച്ചു. ഓൺലൈൻ സ്ഥാപനങ്ങൾ 40% വരെ ഇളവ് നൽകുന്നു. പഴം, പച്ചക്കറികൾക്ക് 70% വരെയും. ഈ വർഷം തുടക്കത്തിലുള്ള വിലയും റമസാനിലെ വിലയും താരതമ്യം ചെയ്യുന്നതിന് ജനുവരി മുതൽ തന്നെ പരിശോധന ആരംഭിച്ചു. ഇതുവരെ 620 പരിശോധന നടത്തി.
*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*