ജിദ്ദ : കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ ഈത്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് അറിയിച്ചു. 2023 ല്‍ 146.2 കോടി റിയാലിന്റെ ഈത്തപ്പഴമാണ് ലോക രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 2022 ല്‍ ഈത്തപ്പഴ കയറ്റുമതി 128 കോടി റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം 119 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ ഈത്തപ്പഴം കയറ്റി അയച്ചു. എട്ടു വര്‍ഷത്തിനിടെ ഈത്തപ്പഴ കയറ്റുമതി 152.5 ശതമാനം തോതില്‍ വര്‍ധിച്ചു. 2016 ല്‍ 57.9 കോടി റിയാലിന്റെ ഈത്തപ്പഴമാണ് കയറ്റി അയച്ചിരുന്നത്. എട്ടു വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി 12.3 ശതമാനം വളര്‍ച്ച ഈത്തപ്പഴ കയറ്റുമതിയില്‍ രേഖപ്പെടുത്തി.
പ്രാദേശിക, അന്താരാഷ്ട്ര എക്‌സിബിഷനുകളില്‍ പങ്കാളിത്തം വഹിച്ചും കയറ്റുമതി നടപടികള്‍ എളുപ്പമാക്കിയും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെ പ്രവര്‍ത്തിച്ചും ഉല്‍പാദകരും കയറ്റുമതിക്കാരും പരസ്പര ഏകോപനത്തോടെ ഊര്‍ജിതമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് സി.ഇ.ഒ ഡോ. മുഹമ്മദ് അല്‍നുവൈറാന്‍ പറഞ്ഞു. ലോക രാജ്യങ്ങളിലേക്കുള്ള ഈത്തപ്പഴ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സെന്റര്‍ നിരന്തര ശ്രമം നടത്തിവരികയാണ്. പല രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ശ്രദ്ധേയമായ നിലയില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചൈനയിലേക്കുള്ള ഈത്തപ്പഴ കയറ്റുമതി 121 ശതമാനം തോതിലും ഫ്രാന്‍സിലേക്കുള്ള കയറ്റുമതി 16 ശതമാനം തോതിലും സിങ്കപ്പൂരിലേക്കുള്ള കയറ്റുമതി 86 ശതമാനം തോതിലും കൊറിയയിലേക്കുള്ള കയറ്റുമതി 24 ശതമാനം തോതിലും വര്‍ധിച്ചതായും ഡോ. മുഹമ്മദ് അല്‍നുവൈറാന്‍ പറഞ്ഞു.