ജിദ്ദ : സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബിയും ഇസ്രായിലി സാമ്പത്തിക മന്ത്രിയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സൗദി വാണിജ്യ മന്ത്രിയും ഇസ്രായിലി സാമ്പത്തിക മന്ത്രിയും അബുദാബിയില്‍ കൂടിക്കാഴ്ച നടത്തിയതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ല.
യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ ലോക വ്യാപാര സംഘടന പതിമൂന്നാമത് മന്ത്രിതല സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പ് നൈജീരിയന്‍ വാണിജ്യ മന്ത്രിക്കൊപ്പം സൗദി വാണിജ്യ മന്ത്രി നില്‍ക്കുന്നതിനിടെ ഒരാള്‍ മുന്നോട്ടുവന്ന് അഭിവാദ്യം ചെയ്ത് താന്‍ ഇസ്രായില്‍ ഗവണ്‍മെന്റില്‍ സാമ്പത്തികകാര്യ മന്ത്രിയാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ഇയാള്‍ ആരാണെന്ന കാര്യം ഡോ. മാജിദ് അല്‍ഖസബിക്ക് മുന്നറിവുണ്ടായിരുന്നില്ല. ഫലസ്തീന്‍ പ്രശ്‌നത്തില്‍ സൗദി അറേബ്യയുടെ നിലപാടും ഇസ്രായിലി ആക്രമണങ്ങള്‍ക്കെതിരായ ഫലസ്തീനികളുടെ ചെറുത്തുനില്‍പിന് നല്‍കുന്ന പിന്തുണയും ഉറച്ചതാണെന്ന് ഉത്തരവാദപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.