ജുബൈൽ : 199 ദശലക്ഷം റിയാൽ ചെലവിൽ നിർമ്മിച്ച ദഹ്റാൻ – സൽവ’ റോഡ് ഉദ്ഘാടനം ചെയ്തു. 66 കിലോമീറ്ററോളം നീണ്ടുനിൽക്കുന്ന റോഡ് പ്രാവർത്തികമായതോടെ ഖത്തറിലേക്കും മറ്റു എമിറേറ്റുകളിലേക്കുമുള്ള യാത്രദൂരം ഒരു മണിക്കൂർ കുറയും. ജനറൽ അതോറിറ്റി ഫോർ റോഡ്സ് നടപ്പാക്കിയ (ദഹ്റാൻ – അൽ ഉഖൈർ – സൽവ) റോഡ് കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. 66 കിലോമീറ്റർ നീളമുള്ള റോഡ് ഇരുവശത്തേക്കും ഇരട്ട പാതയാണ്. നഗരങ്ങൾക്കും ഗവർണറേറ്റുകൾക്കുമിടയിലും സഹോദര രാജ്യങ്ങളുമായുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും റോഡ് സഹായിക്കുമെന്ന് രാജകുമാരൻ സ്ഥിരീകരിച്ചു. അൽ ഉഖൈർ, ഹാഫ് മൂൺ ബീച്ചുകളിലേക്കുള്ള ടൂറിസം വികസനത്തിനും റോഡ് സഹായം ചെയ്യും.
ജുബൈൽ ഗവർണറേറ്റിലെ നിരവധി വ്യാവസായിക നഗരങ്ങളും അതിർത്തി ക്രോസിംഗുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഗതാഗത, ലോജിസ്റ്റിക് മന്ത്രി എഞ്ചിനീയർ സാലിഹ് അൽ-ജാസർ വിശദീകരിച്ചു.