കുവൈത്ത് സിറ്റി : രാജ്യത്തിന്റെ 63ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം 912 തടവുകാരെ ജയിലുകളില്‍നിന്ന് മോചിപ്പിക്കുന്നു. ഇവരില്‍ 214 പേരെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവായി. കുവൈത്ത് അമീര്‍ ശൈഖ് മിശാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് നടപടി.
തടവുകാരുടെ ശിക്ഷയില്‍ ശേഷിക്കുന്ന കാലം ഒഴിവാക്കിയതിനു പുറമെ, മറ്റുള്ളവരുടെ ശിക്ഷ, പിഴ, ജാമ്യം, ജുഡീഷ്യല്‍ നാടുകടത്തല്‍ എന്നിവയും കുറക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
നല്ല പെരുമാറ്റം അടക്കമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുമാപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
കുവൈത്ത് ഇന്ന് 63ാമത് ദേശീയ ദിനവും ഫെബ്രുവരി 26 തിങ്കളാഴ്ച 33ാമത് വിമോചന ദിനവും ആഘോഷിക്കുകയാണ്. 1961ല്‍ രാജ്യം സ്ഥാപിതമായതിനെ അനുസ്മരിച്ചുകൊണ്ടാണ് കുവൈത്തിന്റെ ദേശീയ ദിനം ആചരിക്കുന്നത്. 1991 ലെ ഗള്‍ഫ് യുദ്ധത്തെത്തുടര്‍ന്ന് ഇറാഖി നിയന്ത്രണം അവസാനിച്ചതിനെ അനുസ്മരിച്ചുള്ളതാണ് വിമോചന ദിനം.