അബഹ : അസീര്‍, ജിസാന്‍ പ്രവിശ്യകളെ ബന്ധിപ്പിച്ച് 136 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ മെയിന്‍ റോഡ് നിര്‍മിക്കാന്‍ പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പുറത്തുവിട്ടു. പദ്ധതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ ജനറല്‍ റോഡ്‌സ് അതോറിറ്റിയും അസീര്‍ വികസന അതോറിറ്റിയും ദേശീയ സ്വകാര്യവല്‍ക്കരണ സെന്ററും ക്ഷണിച്ചു.
ഇരു ദിശകളിലേക്കുമുള്ള റോഡുകളില്‍ മൂന്നു വീതം ട്രാക്കുകളോടെ അസീര്‍ പ്രവിശ്യയിലെ അല്‍ഫര്‍ആയില്‍ നിന്ന് ജിസാന്‍ വഴി ചെങ്കടല്‍ തീരത്തേക്ക് 136 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിക്കാനാണ് പദ്ധതി. റോഡില്‍ ആറു ഇന്റര്‍സെക്ഷനുകളും 57 പാലങ്ങളും 11 ടണലുകളുമുണ്ടാകും. പാലങ്ങള്‍ക്ക് ആകെ 18 കിലോമീറ്ററും തുരങ്കങ്ങള്‍ക്ക് ആകെ 9.2 കിലോമീറ്ററും നീളമുണ്ടാകും.
മുപ്പതു വര്‍ഷം നീളുന്ന കരാറില്‍ ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ്, മെയിന്റനന്‍സ് രീതിയിലാണ് റോഡ് നിര്‍മിക്കുക. അസീര്‍, ജിസാന്‍ പ്രവിശ്യകള്‍ക്കിടയിലെ റോഡുകളുടെ ശേഷി ഉയര്‍ത്താന്‍ പുതിയ റോഡ് സഹായിക്കും. ഇത് ടൂറിസം, ലോജിസ്റ്റിക്‌സ് സേവന മേഖലകള്‍ക്ക് പിന്തുണ നല്‍കും.