ജിദ്ദ : കല്ലും മണലും നിറഞ്ഞ മരുഭൂമിയിൽ വസിക്കുന്ന അപൂർവ്വയിനം മണൽ പൂച്ചയെ സൗദിയിൽ കണ്ടെത്തി. ഐബെക്‌സ് റിസർവിലാണ് നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് ആദ്യമായി ‘മണൽ പൂച്ചയെ’ കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ വിജയമായാണ് ഇത് വിലയിരുത്തുന്നത്.
മണലും കല്ലും നിറഞ്ഞ മരുഭൂമിയിൽ കാണപ്പെടുന്ന മണൽ പൂച്ച, സസ്യങ്ങൾ വ്യാപകമായ ഭൂപ്രദേശങ്ങളിലാണ് വസിക്കുന്നത്. പകൽ സമയത്ത് മാളങ്ങളിൽ അഭയം പ്രാപിക്കും. ശരീരത്തിൽ ഉയർന്ന താപനില ഒഴിവാക്കാനാണ് മാളങ്ങളിൽ വസിക്കുന്നത്. ഇതുവഴി ശരീരത്തിൽ ഉയർന്ന ജലാംശം നിലനിർത്തുകയും ദാഹമോ വിശപ്പോ അനുഭവപ്പെടാതിരിക്കുകയും ചെയ്യും. ഇത് പ്രധാനമായും എലികളെയും മറ്റു ഉരഗങ്ങളെയുമാണ് ഭക്ഷിക്കുന്നത്.
വലുപ്പത്തിൽ ചെറുതായ പൂച്ചകൾക്ക്, വലുതും വീതിയേറിയതുമായ ചെവികളാണ്. ചതുരാകൃതിയിലുള്ള മുഖവുമാണ്. ഒറ്റനോട്ടത്തിൽ കാട്ടുപൂച്ചയോട് സാമ്യമുണ്ട്. ശരീരത്തിന്റെ നിറം മഞ്ഞകലർന്ന ചാരനിറമാണ് (മണലിന്റെ നിറം). മുൻവശത്തെ കൈകാലുകളിൽ വിശാലമായ വരകളുണ്ട്. വാൽ കറുത്തതാണ്. രാത്രികാലത്താണ് സഞ്ചാരം. പകൽ സമയത്ത് അപൂർവ്വമായാണ് പ്രത്യക്ഷപ്പെടുന്നത്.