റിയാദ് : യൂറോപ്യന്‍ യൂണിയന്‍ (ഇയു), യുണൈറ്റഡ് കിംഗ്ഡം (യുകെ), യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് (യു.എസ്) എന്നിവിടങ്ങളിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍കൂട്ടി വിസ നേടാതെ തന്നെ ഉംറ നിര്‍വഹിക്കാനാകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം.
സൗദി അറേബ്യയുടെ വിഷന്‍ 2030 ന് അനുസൃതമായി ഉംറ തീര്‍ഥാടന പ്രക്രിയ ലളിതമാക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നുസ്‌ക് ആപ്പ് വഴി അവരുടെ തീര്‍ത്ഥാടനം എളുപ്പത്തില്‍ ഷെഡ്യൂള്‍ ചെയ്യാം. അല്ലെങ്കില്‍ സൗദിയില്‍ എത്തിച്ചേരുമ്പോള്‍ നേരിട്ട് ഉംറ തെരഞ്ഞെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാനായാലും ടൂറിസത്തിനായാലും വിസ ഓണ്‍അറൈവല്‍ ഓപ്ഷനും വിപുലമാക്കിയിട്ടുണ്ട്. വിസ ഉടമയുടെ അടുത്ത ബന്ധുക്കള്‍ക്കും ഈ സൗകര്യം ലഭിക്കും.
ഉംറ നിര്‍വഹിക്കാനുള്ള ഓപ്ഷന്‍ ട്രാന്‍സിറ്റ് വിസയിലും ലഭ്യമാണ്. യാത്ര ഒരു സൗദി എയര്‍ലൈന്‍ വഴിയാണെങ്കില്‍ ഉംറ നിര്‍വഹിച്ച് മടങ്ങാം.