മക്ക : ഈ വര്‍ഷം മുതല്‍ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന കമ്പനികള്‍ കരാറില്‍ പറഞ്ഞ പ്രകാരമുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് സൗദി ഹജ് മന്ത്രാലയം വെളിപ്പെടുത്തി. മക്കയിലും ഹജ് അനുബന്ധ പ്രദേശങ്ങളിലും മിന, അറഫ തുടങ്ങിയ പ്രദേശങ്ങളിലുമൊക്കെ ഹാജിമാര്‍ക്ക് കമ്പനികള്‍ വാഗ്ദാനം ചെയ്ത രൂപത്തില്‍ താമസമൊരുക്കിക്കൊടുക്കാന്‍ രണ്ടു മണിക്കൂറിലധികം വൈകിയാല്‍ പരാതി നല്‍കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും പാക്കേജ് തുകയുടെ 10% വും പാക്കേജില്‍ വാഗ്ദാനം ചെയ്തതിലും നിലവാരം കുറഞ്ഞ താമസമാണ് ഒരുക്കിയിരിക്കുന്നതെങ്കില്‍ 5% വും നഷ്ടപരിഹാരം നല്‍കേണ്ടി വരും.
താമസമൊരുക്കുന്നതിനു രണ്ടാം തവണയും വൈകിയാല്‍ പാക്കേജിന്റെ 15%, വരെ നഷ്ടപരിഹാരമായി നല്‍കേണ്ടിവരും. പരാതികളുള്ള ഹാജിമാര്‍ രണ്ടു മണിക്കൂറിനകം അതു മന്ത്രാലയത്തിലേക്ക് ഓണ്‍ലൈനായി അറിയിച്ചിരിക്കണം. മിനയിലെയും അറഫയിലെയും തമ്പുകളില്‍ നല്‍കേണ്ട മറ്റു സേവനങ്ങള്‍ നല്‍കുന്നത് രണ്ടു മണിക്കൂറിലധികം വൈകുന്ന സാഹചര്യത്തില്‍ പരാതിപ്പെടുന്ന ഹാജിമാര്‍ക്ക് മുന്നൂറു റിയാലില്‍ കുറയാത്തതും ആകെ പാക്കേജ് തുകയുടെ രണ്ടു ശതമാനം തുകവരെയും നഷ്ടപരിഹാരമായി നല്‍കും.
തമ്പുകളില്‍ താമസ സൗകര്യം ഏര്‍പെടുത്തുന്നതില്‍ വീഴ്ച വരുത്തുകയും ഹാജിമാര്‍ പരാതിപ്പെടുകയും ചെയ്താല്‍ ഹജ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനുള്ള കോര്‍ഡിനേറ്റിംഗ് കൗണ്‍സിലുമായി ഏകോപനം നടത്തി ഹാജിമാര്‍ക്ക് താമസം ഏര്‍പെടുത്തിക്കൊടുക്കുമെന്നും ഹജ് മന്ത്രാലയം വ്യക്തമാക്കി. കാരാറില്‍ വാഗ്ദാനം ചെയ്ത രൂപത്തിലുള്ള സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഹജ് കമ്പനികള്‍ വന്‍ തുക പിഴയായി അടക്കേണ്ടി വരുമെന്ന വര്‍ഷങ്ങളായുള്ള നിയമത്തിനു പുറമെയാണ് ഹാജിമാര്‍ക്ക് കമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കുന്ന പദ്ധതി ഈ വര്‍ഷം മുതലാണ് ഹജ് മന്ത്രാലയം നടപ്പിലാക്കാനൊരുങ്ങന്നത്. നിയമപരമായി ഹജ് നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് ഉയര്‍ന്ന സേവനങ്ങള്‍ നല്‍കുന്നതിനും ഹജ് സേവനങ്ങള്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനും നിരവധി പരിഷ്‌കാരങ്ങളാണ് സൗദി ഹജ് മന്ത്രാലയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.