റിയാദ് : അല്‍ഉലയുടെ വടക്ക് 100 അകലെ സ്ഥിതി ചെയ്യുന്ന മണവാട്ടിക്കല്ലിനെ പുനഃസ്ഥാപിച്ചതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. രണ്ടാഴ്ച മുമ്പ് അജ്ഞാതര്‍ ഇതിന് ചില കേടുപാടുകള്‍ വരുത്തിയിരുന്നു. തിങ്കളാഴ്ചയാണ് അറ്റകുറ്റ പണികള്‍ ആരംഭിച്ചതെന്നും മൂന്നു ദിവസം കൊണ്ട് പൂര്‍വ രൂപത്തില്‍ പുനഃസ്ഥാപിച്ചുവെന്നും സര്‍വേ അറിയിച്ചു. വിദഗ്ധരടങ്ങുന്ന സംഘമാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ പുനരുദ്ധരിച്ചത്. അജ്ഞാതര്‍ അതിന് ചില കേടുപാടുകള്‍ വരുത്തിയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ സഹിതം പരാതിയുയര്‍ന്നപ്പോഴാണ് പുനരുദ്ധരിപ്പിക്കാനുള്ള നീക്കവുമായി സര്‍വേ വിഭാഗം രംഗത്തെത്തിയത്.
കയ്യില്‍ റോസാപ്പൂവും കണ്ണഞ്ചിപ്പിക്കുന്ന വിവാഹവസ്ത്രവും അണിഞ്ഞിരിക്കുന്ന വധുവിന്റെ രൂപത്തിലാണ് ഈ പാറയുടെ നില്‍പ്. അഞ്ഞൂറ് മില്യന്‍ വര്‍ഷം മുമ്പ് കാംബ്രിയന്‍ കാലത്ത് രൂപപ്പെട്ടതാണ് ഈ പാറയെന്നാണ് ഗവേഷകര്‍ പറയുന്നത്. അല്‍ഉലയിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണിത്.