ജിദ്ദ : സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഒമാന്‍ വിദേശ മന്ത്രി ബദ്ര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ബൂസഈദിയും ചര്‍ച്ച നടത്തി. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്, ബള്‍ഗേറിയന്‍ വിദേശ മന്ത്രി മരിയ ഗബ്രിയേല്‍, കനേഡിയന്‍ വിദേശ മന്ത്രി മിലാനി ജോലി എന്നിവരുമായും സൗദി വിദേശ മന്ത്രി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തി. ഉഭയകക്ഷി ബന്ധങ്ങളും സഹകരണങ്ങളും കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും കൂടിക്കാഴ്ചകള്‍ക്കിടെ വിശകലനം ചെയ്തു.
ജര്‍മനിയിലെ സൗദി അംബാസഡര്‍ അബ്ദുല്ല ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, വിദേശ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍യഹ്‌യ, വിദേശ മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ വലീദ് അല്‍സമാഈല്‍ എന്നിവര്‍ കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു.