റിയാദ് : ഉത്തര റിയാദിലെ അല്‍ഹസി പ്രദേശത്ത് ആഞ്ഞുവീശിയ ശക്തമായ ആലിപ്പഴ കൊടുങ്കാറ്റില്‍ സൗദി പൗരന്‍ അബൂഅബ്ദുറഹ്മാന്‍ അല്‍ഉസൈമിയുടെ കൃഷിയിടത്തില്‍ വന്‍ നാശനഷ്ടങ്ങള്‍. പ്രദേശത്തെ തമ്പുകളും, തകര ഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മുറികളും കൊടുങ്കാറ്റില്‍ തകരുകയും ഇവ പതിച്ച് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ശക്തമായ കൊടുങ്കാറ്റില്‍ ശരീരം നിലത്തടിച്ചും ഇരുമ്പ് വേലികളില്‍ കൂട്ടിയിടിച്ചും ഒട്ടകങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും എല്ലുകള്‍ ഒടിയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്മാരില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
അല്‍ഹസി പ്രദേശത്ത് മറ്റൊരിടത്ത് ശക്തമായ കൊടുങ്കാറ്റില്‍ തകര ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച മറ്റൊരു മുറി 20 മീറ്റര്‍ ദൂരേക്ക് തെറിച്ചുവീണു. ഉത്തര റിയാദില്‍ അല്‍ഹഫ്‌നക്കും അല്‍തൂഖിക്കുമിടയില്‍ ലോറികളും കാറുകളും മലവെള്ളപ്പാച്ചിലില്‍ പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ മറ്റൊരു സൗദി പൗരന്‍ ചിത്രീകരിച്ചും പുറത്തുവിട്ടു.