റിയാദ് : റിയാദിൽ മെട്രോ കമ്പനിയുടെ പേരിൽ വീണ്ടും രാജ്യാന്തര തട്ടിപ്പ്. പ്രവാസികളടക്കം നിരവധി പേരുടെ പണം നഷ്ടമായി. റിയാദ് മെട്രോ ബസ് ടിക്കറ്റിന് ഒരു വർഷത്തേക്ക് പത്തു റിയാൽ ഓഫർ ടിക്കറ്റ് എന്ന് അറിയിച്ച് സോഷ്യൽ മീഡിയയിൽ വന്ന പരസ്യമാണ് നിരവധി പേരുടെ പണം നഷ്ടമാകാൻ കാരണമായത്. പരസ്യത്തിൽ പറഞ്ഞതുപ്രകാരം പ്രവാസികൾ അടക്കം നിരവധി പേർ ഓൺലൈൻ വഴി പണം അടക്കുകയും ചെയ്തു. ഹംഗറിയിൽനിന്നുള്ള ഒരു സംഘത്തിന്റെ എക്കൗണ്ടിലേക്കാണ് പണം പോയത്. പണം അടച്ച ശേഷമാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.
റിയാദ് മെട്രോ കമ്പനി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ എക്കൗണ്ട് തുടങ്ങിയാണ് തട്ടിപ്പിന് അരങ്ങൊരുക്കിയത്. 12 മാസം അൺലിമിറ്റഡായി കാർഡ് ഉപയോഗിക്കാമെന്നും ആകെ 250 കാർഡ് മാത്രം എന്നുമായിരുന്നു ഓഫർ വാചകം. ഇത് വിശ്വസിച്ച ഒട്ടേറെ പേർ പണം നൽകി. ബാങ്ക് കാർഡുകളുടെ വിശദാംശം നൽകിയാണ് കാർഡിൽ നിന്ന് പണം അടച്ചത്. ഇതോടെ ഈ വിശദാംശങ്ങൾ ഉപയോഗിച്ച് സംഘം ഇനിയും പണം തട്ടുമോ എന്ന ആശങ്കയും ആളുകൾക്കുണ്ട്.
പോസ്റ്റിന് താഴെ ഇവരുടെ തന്നെ ആളുകൾ കാർഡ് കിട്ടി എന്ന് വ്യക്തമാക്കി കമന്റിടുകയും ചെയ്യുന്നുണ്ട്. ആളുകളുടെ വിശ്വാസ്യത നേടാനാണ് ഇങ്ങിനെ വ്യാജമായി കമന്റിടുന്നത്.
അതേസമയം, തട്ടിപ്പു സംഘം ഇതോടൊപ്പം ഒരാളുടെ നമ്പറും നൽകിയിട്ടുണ്ട്. റിയാദിൽ ജോലി ചെയ്യുന്ന പാക് സ്വദേശിയായ ആളുടെ നമ്പറാണ് നൽകിയത്. നിരവധി പേരിൽനിന്ന് ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഇയാളും ആകെ പ്രയാസത്തിലായി.
റിയാദിൽ മെട്രോ കമ്പനിയുടെ പേരിൽ തട്ടിപ്പ്; പ്രവാസികളടക്കം നിരവധി പേർക്ക് പണം നഷ്ടമായി
