മക്ക : മക്ക പ്രവിശ്യയില്‍ പുതുതായി പൂര്‍ത്തിയാക്കിയ 20 റോഡ് പദ്ധതികള്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ആകെ 140 കോടി റിയാല്‍ ചെലവഴിച്ച് 385 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും റോഡ്‌സ് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും റോഡ്‌സ് ജനറല്‍ അതോറിറ്റി ആക്ടിംഗ് സി.ഇ.ഒ എന്‍ജിനീയര്‍ ബദ്ര്‍ അല്‍ദലാമിയും ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനും അവരുടെ ആത്മീയ യാത്ര സുഗമമാക്കാനും എളുപ്പമാക്കാനും കൂടി ലക്ഷ്യമിട്ടാണ് പുതിയ റോഡ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയതെന്ന് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.
ജിദ്ദ എയര്‍പോര്‍ട്ടിനെയും വിശുദ്ധ ഹറമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡയറക്ട് റോഡ് പദ്ധതിയുടെ ഭാഗമായ 24 കിലോമീറ്റര്‍ നീളത്തിലുള്ള റോഡ് ആണ് ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ ഒന്ന്. 43.1 കോടി റിയാല്‍ ചെലവഴിച്ചാണ് ഈ ഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ലൈത്ത്, മക്ക റോഡ് 90 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാതയാക്കല്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു. 16.9 കോടി റിയാല്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ഈ പദ്ധതി ദക്ഷിണ സൗദിയില്‍ നിന്ന് യലംലം മീഖാത്ത് വഴി പുണ്യഭൂമിയിലെത്തുന്ന ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യും. 27.1 കോടി റിയാല്‍ ചെലവഴിച്ച് 114 കിലോമീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയാക്കിയ ബീശ, റനിയ, അല്‍ഖുര്‍മ റോഡ് ഇരട്ടപാതയാക്കല്‍, 8.2 കോടി റിയാല്‍ ചെലവഴിച്ച് 48 കിലോമീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയാക്കിയ ഹദ്ന്‍, തുര്‍ബ റോഡ് ഇരട്ടപ്പാതയാക്കല്‍, 3.8 കോടി റിയാല്‍ ചെലവഴിച്ച് ഒമ്പതു കിലോമീറ്റര്‍ നീളത്തില്‍ ഡിപോര്‍ട്ടേഷന്‍ സെന്റര്‍ റോഡ് ഇരട്ടപാതയാക്കലും ലൈറ്റിംഗും എന്നീ പദ്ധതികളും സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.