മസ്‌കത്ത് : യു.എ.ഇക്ക് പിന്നാലെ ഒമാനിലും ശക്തമായ മഴ. തിങ്കളാഴ്ച രാത്രിയോടെ മഴ കനക്കുമെന്നു മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 100ല്‍ പരം ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. വിവിധയിടങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകുകയാണ്. വാദിയില്‍ അകപ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്തി. മൂന്നു കുട്ടികളെ കാണാതായി.
തലസ്ഥാന നഗരി ഉള്‍പ്പെടെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. രാത്രിയോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ബുറൈമി, ബാത്തിന ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. സൊഹാര്‍, ഷിനാസ്, സൂര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. വാദികളും നിറഞ്ഞൊഴുകുകയാണ്. ആളുകള്‍ സുരക്ഷിതരായിരിക്കാന്‍ വീടുകളില്‍ തന്നെ തുടരണമെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം നിര്‍ദേശിച്ചു.
ബാത്തിനയില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ കുടുങ്ങിയ രോഗികള്‍ അടക്കമുള്ള നൂറില്‍പരം ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. റുസ്താഖിലെ വാദി ബനി ഗാഫിലാണ് മൂന്നു കുട്ടികളെ കാണാതായത്. തെക്കന്‍ ബാത്തിനായില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ടീം തിരച്ചില്‍ ആരംഭിച്ചു. സീബിലും, ബുറൈമിയില് വാദിയില്‍ അകപ്പെട്ട വരെ രക്ഷപ്പെടുത്തി. യാങ്കൂളില്‍ രണ്ടുപേര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ അകപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. മറ്റേയാള്‍ക്കായി തിരച്ചില്‍ തുടരുന്നു.
ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബുറൈമിയില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ഷെല്‍ട്ടറുകള്‍ തുറന്നു. ബുറൈമി ഹഫ്‌സ ബിന്‍ സിറിന്‍ സ്‌കൂളിലെ 250 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഷെല്‍ട്ടറാണ് തുറന്നത്. നോര്‍ത്ത് ബാത്തിനയില്‍ പതിമൂന്നിടത്താണ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നത്. ബുധനാഴ്ച വരെ ശക്തമായ മഴ ഉണ്ടാകുമെന്നാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. മുസണ്ഡം, വടക്കന്‍ ബാത്തിന, ബുറൈമി, ദാഖിറാ, മസ്‌കറ്റ്, തെക്ക് വടക്ക് ഷെറഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ മുപ്പത് മുതല്‍ നൂറു മില്ലീമീറ്റര്‍വരെ മഴ ലഭിച്ചേക്കും.