ജിദ്ദ : സൗദി ബാങ്കുകൾ കഴിഞ്ഞ വർഷം കൈവരിച്ച ലാഭം സർവകാല റെക്കോർഡിട്ടു. ബാങ്കുകൾ 6,990 കോടി റിയാലാണ് അറ്റാദായം നേടിയത്. വായ്പാ നിരക്കുകൾ വർധിച്ചതാണ് ഉയർന്ന ലാഭം കൈവരിക്കാൻ ബാങ്കുകളെ പ്രധാനമായും സഹായിച്ചത്. കഴിഞ്ഞ കൊല്ലം ബാങ്കുകളുടെ ലാഭം 11.8 ശതമാനം തോതിൽ വർധിച്ചു. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ബാങ്കുകളുടെ ലാഭത്തിലെ വളർച്ച മന്ദഗതിയിലായി. 2022 ൽ ബാങ്കുകളുടെ ലാഭം 28.4 ശതമാനം തോതിൽ വർധിച്ചിരുന്നു.
ബാങ്കുകൾ നൽകിയ വായ്പകൾ കഴിഞ്ഞ വർഷം 11 ശതമാനം വർധിച്ചു. മൂന്നു വർഷത്തിനിടെ ബാങ്ക് വായ്പകളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളർച്ചയാണിത്. വ്യക്തിഗത ഭവന വായ്പകൾ കുറഞ്ഞത് ആകെ വായ്പകളിൽ പ്രതിഫലിക്കുകയായിരുന്നു. കഴിഞ്ഞ കൊല്ലം ബാങ്ക് ഡെപ്പോസിറ്റുകളിൽ 7.8 ശതമാനം വളർച്ച മാത്രമാണുണ്ടായത്. ഇതും വായ്പാ വളർച്ചയിൽ സമ്മർദം ചെലുത്തി.
കഴിഞ്ഞ വർഷം ലാഭത്തിൽ ഏറ്റവും വലിയ വളർച്ച കൈവരിച്ചത് അൽഅവ്വൽ, അൽഇൻമാ ബാങ്കുകളാണ്. അൽഅവ്വൽ ബാങ്ക് ലാഭം 44 ശതമാനവും അൽഇൻമാ ബാങ്ക് ലാഭം 34.5 ശതമാനം തോതിലും വർധിച്ചു. അൽറാജ്ഹി, അൽജസീറ ബാങ്കുകളുടെ ലാഭത്തിൽ കുറവ് രേഖപ്പെടുത്തി. അൽറാജ്ഹി ബാങ്ക് ലാഭം മൂന്നു ശതമാനം തോതിൽ കുറഞ്ഞു. അഞ്ചു വർഷത്തിനിടെ ആദ്യമായാണ് അൽറാജ്ഹി ബാങ്ക് ലാഭം കുറയുന്നത്. വ്യക്തിഗത മേഖലക്ക് ഊന്നൽ നൽകിയതാണ് അൽറാജ്ഹി ബാങ്കിനെ ബാധിച്ചത്. ഇതുമൂലം കമ്പനികൾക്ക് വായ്പകൾ നൽകുന്നതിന്റെ ഫലമായ ഉയർന്ന വായ്പാ നിരക്ക് അൽറാജ്ഹി ബാങ്കിന് പ്രയോജനപ്പെടുത്താൻ സാധിച്ചില്ല.
കഴിഞ്ഞ വർഷം ഏറ്റവുമധികം ലാഭം നേടിയ ബാങ്ക് അൽഅഹ്‌ലി ആണ്. അൽഅഹ്‌ലി 2,000 കോടി റിയാൽ ലാഭം കൈവരിച്ചു. രണ്ടാം സ്ഥാനത്തുള്ള അൽറാജ്ഹി ബാങ്ക് 1,660 കോടി റിയാൽ ലാഭം നേടി. സൗദിയിലെ മുഴുവൻ ബാങ്കുകളും ആകെ കൈവരിച്ച ലാഭത്തിന്റെ 52 ശതമാനം ഈ രണ്ടു ബാങ്കുകളുടെയും വിഹിതമാണ്. ഏറ്റവും കുറഞ്ഞ ലാഭം നേടിയത് അൽജസീറ ബാങ്ക് ആണ്. അൽജസീറ ലാഭം 100 കോടി റിയാലാണ്. ഏറ്റവും കുറഞ്ഞ ലാഭത്തിൽ രണ്ടാം സ്ഥാനത്ത് സൗദി ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ആണ്. സൗദി ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് കഴിഞ്ഞ വർഷം 180 കോടി റിയാൽ അറ്റാദായം നേടി. അൽറിയാദ് ബാങ്ക് 800 കോടി റിയാലും അൽഅവ്വൽ ബാങ്ക് 700 കോടി റിയാലും അൽഇൻമാ ബാങ്ക് 480 കോടി റിയാലും സൗദി ഫ്രാൻസി ബാങ്ക് 420 കോടി റിയാലും അറബ് നാഷണൽ ബാങ്ക് 410 കോടി റിയാലും അൽബിലാദ് ബാങ്ക് 240 കോടി റിയാലും കഴിഞ്ഞ വർഷം ലാഭം നേടി.