ദുബായ് : യു.എ.ഇ ഇന്ന് കണ്ണു തുറന്നത് ആലിപ്പഴ വർഷത്തിലേക്ക്. കൂടെ ഇടിയും മിന്നലും. രാത്രി മുഴുവൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പെയ്ത കനത്ത മഴയുടെ തുടർച്ചയായാണ് ആലിപ്പഴ വർഷവും ഇടിയും മിന്നലുമുണ്ടായത്. പുലർച്ചെയാണ് ആലിപ്പഴ വർഷമുണ്ടായത്. ചിലയിടങ്ങളിൽ വീണ ആലിപ്പഴങ്ങൾക്ക് ഒരു ടെന്നീസ് ബോളിനോളം വലുപ്പമുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അൽ ഐൻ, അൽ വോത്ബ മേഖല, അബുദാബിയിലെ ബനി യാസ് എന്നിവടങ്ങളിലാണ് കനത്ത മഴ പെയ്തതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) വിശദീകരിച്ചു. അബുദാബിയിലെ മരുഭൂമിയെ വെളുത്ത ഷീറ്റ് കൊണ്ടു പുതപ്പിച്ച തരത്തിലാണ് ആലിപ്പഴ വർഷം.
ഇന്ന് രാവിലെ യു.എ.ഇയിൽ രേഖപ്പെടുത്തിയ താപനില 7.6 ഡിഗ്രിയാണ്. നേരത്തെ 3.4 ഡിഗ്രി വരെ താപനില താഴ്ന്നിരുന്നു. ജനം തണുപ്പ് ആസ്വദിക്കാനായി പുറത്തിറങ്ങുന്നുണ്ട്.
അതേസമയം, കടൽത്തീരത്തും താഴ് വാരങ്ങളിലും പോകരുതെന്നും വീടിനുള്ളിൽ തന്നെ തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മഴയുള്ള കാലാവസ്ഥയിൽ ജാഗ്രത പാലിക്കണമെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, ഡ്രൈവർമാർ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളും ഇലക്ട്രിക് ലൈനുകൾ, മരങ്ങൾ എന്നിവക്ക് അടുത്തുകൂടെ പോകരുതെന്നും നിർദ്ദേശിച്ചു. വാഹനങ്ങളുടെ വേഗപരിധി പാലിക്കുകയും വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം സ്വീകരിക്കുകയും വേണം. മേഘാവൃതമായ അന്തരീക്ഷം ഇന്ന് മുഴുവൻ നിലനിൽക്കും.