മസ്‌കത്ത് : ലക്ഷക്കണക്കിന് ഫലസ്തീന്‍ പൗരന്മാര്‍ക്ക് അഭയം നല്‍കുന്ന റഫാ നഗരം ആക്രമിക്കാനുള്ള ഇസ്രായിലിന്റെ ഉദ്ദേശ്യത്തെ അപലപിക്കുന്നുവെന്ന് ഒമാന്‍.
‘ഗാസ മുനമ്പിലെ വിവേചനരഹിതമായ ആക്രമണത്തിലും റഫയെ ആക്രമിക്കാനുള്ള പദ്ധതിയിലും അധിനിവേശം തുടരുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു- ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
‘ഇസ്രായേലിനെ അതിന്റെ അഹങ്കാരത്തില്‍നിന്ന് പിന്തിരിപ്പിക്കാനും ആക്രമണം അവസാനിപ്പിക്കാനും ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, ഒക്‌ടോബര്‍ 7 മുതല്‍ ഏകദേശം 7,000 ഫലസ്തീനികള്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ അറസ്റ്റിലായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്‌ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ സേന 6,950 ഫലസ്തീനികളെ അധിനിവേശ വെസ്റ്റ്ബാങ്കില്‍ അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് പറയുന്നു. ഗാസ മുനമ്പില്‍നിന്ന് അറസ്റ്റ് ചെയ്തവരുടെ എണ്ണവും ഭാവിയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഇസ്രായില്‍ വിസമ്മതിക്കുകയാണ്.
യുഎന്‍ആര്‍ഡബ്ല്യുഎയുടെ ഗാസ ആസ്ഥാനത്തിന് കീഴില്‍ നൂറുകണക്കിന് മീറ്റര്‍ നീളമുള്ള തുരങ്ക ശൃംഖലയാണ് സംഘം പ്രവര്‍ത്തിപ്പിച്ചതെന്ന ഇസ്രായില്‍ സൈനിക പ്രസ്താവനയെ ഹമാസിന്റെ മുതിര്‍ന്ന നേതാവ് സാമി അബു സുഹ്‌രി തള്ളി.
യുഎന്‍ആര്‍ഡബ്ല്യുഎയുടെ പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്താനാണ് ഇസ്രായില്‍ ലക്ഷ്യമിടുന്നതെന്നും ഈ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആ ലക്ഷ്യം മൂടിവെക്കുകയാണെന്നും അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഗാസയിലെ ഏറ്റവും വലിയ മെഡിക്കല്‍ ഫെസിലിറ്റിയായ അല്‍ഷിഫ ആശുപത്രി ആക്രമിക്കുന്നതിനും ഇതേ ന്യായമാണ് ഇസ്രായില്‍ പറഞ്ഞതെവന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായില്‍ തങ്ങളുടെ അവകാശവാദങ്ങള്‍ക്ക് തെളിവ് നല്‍കിയിട്ടില്ല.
ഒക്‌ടോബര്‍ ഏഴിന് ഇസ്രായിലിനുള്ളില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ 12 യുഎന്‍ആര്‍ഡബ്ല്യുഎ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ഇസ്രായില്‍ ആരോപണം. ഇതോടെ ഒരു ഡസനിലധികം രാജ്യങ്ങള്‍ അവരുടെ ധന സഹായം പിന്‍വലിച്ചതിനെത്തുടര്‍ന്ന് സംഘടനയെ അഭൂതപൂര്‍വമായ പ്രതിസന്ധിയിലെത്തിച്ചു. എന്നാല്‍ തങ്ങളുടെ അവകാശവാദങ്ങള്‍ക്ക് ഇസ്രായില്‍ ഇതുവരെ തെളിവ് നല്‍കിയിട്ടില്ലെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ മേധാവി പറഞ്ഞു.
ഏകദേശം 75 വര്‍ഷം മുമ്പ് യുഎന്‍ആര്‍ഡബ്ല്യുഎ സ്ഥാപിതമായത് മുതല്‍, പതിനായിരക്കണക്കിന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ഭക്ഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ അടിസ്ഥാന പിന്തുണ നല്‍കിയിട്ടുണ്ട്.