ജിദ്ദ : ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തുന്നതിന് ഐ.പി.ഒ പ്രക്രിയ മാനേജർമാരായി സിറ്റി ഗ്രൂപ്പ്, ഗോൾഡ്മാൻ സാക്‌സ്, എച്ച്.എസ്.ബി.സി ഹോൾഡിംഗ്‌സ് അടക്കമുള്ള ബാങ്കുകളെ നിയമിക്കുന്ന കാര്യം കമ്പനി പഠിക്കുന്നു. ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ 2,000 കോടി ഡോളർ സമാഹരിക്കാനാണ് അറാംകൊ ആലോചിക്കുന്നത്. സമീപ കാലത്ത് ലോക ഓഹരി വിപണികൾ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ഐ.പി.ഒ ആകുമിത്. മറ്റേതാനും ബാങ്കുകളുമായും അറാംകൊ ചർച്ചകൾ നടത്തുന്നുണ്ടെന്ന് അഭിജ്ഞ വൃത്തങ്ങൾ വെളിപ്പെടുത്തി. ഐ.പി.ഒ പ്രക്രിയക്കായി ഉപദേഷ്ടാക്കളുടെ ഒരു എലൈറ്റ് ഗ്രൂപ്പ് സ്ഥാപിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഐ.പി.ഒ സമയം, വിൽക്കുന്ന ഓഹരികളുടെ എണ്ണം എന്നീ കാര്യങ്ങളിൽ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. 2019 ൽ സൗദി അറാംകൊയുടെ ഒരു ഭാഗം ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തി 3,000 കോടി ഡോളർ സമാഹരിച്ചിരുന്നു. അന്ന് ഐ.പി.ഒ മാനേജർമാർക്ക് സൗദി അറാംകൊ പത്തു കോടി ഡോളറിനടുത്താണ് ഫീസ് നൽകിയത്. സമാനമായ മറ്റു ഐ.പി.ഒകളിൽ മാനേജർമാർക്ക് ലഭിച്ച ഫീസുമായി താരതമ്യം ചെയ്താൽ ഇത് തുലോം കുറവായിരുന്നു. 2019 ൽ തന്നെ പെലോട്ടോൺ ഇന്ററാക്ടീവ് കമ്പനിയെ 120 കോടി ഡോളർ സമാഹരിക്കാൻ സഹായിച്ചതിന് ജെ.പി മോർഗനും ഗോൾഡ്മാൻ സാക്‌സും അടക്കമുള്ള ബാങ്കുകൾക്ക് ആറു കോടി ഡോളർ ഫീസ് ലഭിച്ചിരുന്നു. 2014 ൽ ഐ.പി.ഒയിലൂടെ 2,500 കോടി ഡോളർ സമാഹരിച്ച ചൈനീസ് ഭീമനായ അലിബാബ ഗ്രൂപ്പ് ഐ.പി.ഒ മാനേജർമാർക്ക് 30 കോടി ഡോളർ ഫീസായി നൽകിയിരുന്നു. അറാംകൊയുടെ നടക്കാനിരിക്കുന്ന ഐ.പി.ഒയിലും മാനേജർമാർക്ക് വളരെ കുറഞ്ഞ നിരക്കിലുള്ള ഫീസ് ആണ് ലഭിക്കുകയെന്നാണ് കരുതുന്നത്.
പരമാവധി പ്രതിദിന എണ്ണയുൽപാദന ശേഷി 1.3 കോടി ബാരലായി ഉയർത്താനുള്ള പദ്ധതി ഉപേക്ഷിച്ചതായി അറിയിച്ച് കഴിഞ്ഞ മാസം അറാംകൊ ലോക വിപണികളെ ഞെട്ടിച്ചിരുന്നു. എണ്ണയുൽപാദന ശേഷി വർധിപ്പിക്കാനുള്ള പദ്ധതികൾക്ക് ചെലവഴിക്കേണ്ടിയിരുന്ന ബില്യൺ കണക്കിന് ഡോളർ മറ്റു പദ്ധതികൾക്കും നിക്ഷേപങ്ങൾക്കും പ്രയോജനപ്പെടുത്താൻ ഇത് സൗദി അറാംകൊക്ക് അവസരമൊരുക്കും. സൗദി അറാംകൊയുടെ കൂടുതൽ ഓഹരികൾ വിൽക്കുന്ന കാര്യം സർക്കാർ പഠിക്കുന്നതായി 2022 ജനുവരിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചിരുന്നു. ഓഹരി വിൽപനയിലൂടെ സമാഹരിക്കുന്ന പണം സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് മാറ്റും.