ദോഹ : സമകാലിക സംഭവ വികാസങ്ങളില്‍ ആര്‍ജവമുള്ള നിലപാടുകളും നടപടികളുമായി മുന്നോട്ടുപോകുന്ന ഖത്തറിനെതിരെയുള്ള പാശ്ചാത്യന്‍ പ്രചാരവേലകള്‍ ഫലം കാണുന്നു. ഖത്തര്‍ ഫൗണ്ടേഷനുമായുള്ള രണ്ട് പതിറ്റാണ്ടിന്റെ കരാര്‍ അവസാനിപ്പിച്ച് പ്രശസ്ത അമേരിക്കന്‍ സര്‍വകലാശാലയായ ടെക്‌സസ് എ ആന്‍ഡ് എം സര്‍വകലാശാലയുടെ തീരുമാനത്തെ ഇതിന്റെ ഭാഗമായാണ് കാണുന്നത്.
ഖത്തര്‍ ഫൗണ്ടേഷന്റെ ടെക്‌സസ് എ ആന്‍ഡ് എം സര്‍വകലാശാല കാമ്പസില്‍ നിന്ന് കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 1,500ലധികം എഞ്ചിനീയര്‍മാരെ ബിരുദം നേടുകയും പ്രൊഫഷണല്‍ രംഗത്ത് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലോക വിഷയങ്ങളിലെ ഖത്തറിന്റെ നിലപാടുകളെ തെറ്റായി ചിത്രീകരിച്ച റിപ്പോര്‍ട്ടുകള്‍ ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് റീജന്റ്‌സിനെ സ്വാധീനിക്കുകയും ഖത്തര്‍ ഫൗണ്ടേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു.
2003ല്‍ സ്ഥാപിതമായ ഖത്തറിലെ ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയിലെ നിലവിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ തുടര്‍ച്ചയും അതിന്റെ എജ്യുക്കേഷന്‍ സിറ്റി കാമ്പസിലെ എഞ്ചിനീയറിംഗ് പഠനത്തിന്റെ തുടര്‍ച്ചയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഖത്തര്‍ ഫൗണ്ടേഷന്‍ സ്ഥിരീകരിച്ചു.