കുവൈത്ത് സിറ്റി : കുവൈത്തിന്റെ അടുത്ത നാലുവർഷത്തെ പ്രവർത്തന പദ്ധതിയിൽ വാറ്റ് ഈടാക്കില്ലെന്ന് പ്രധാനമന്ത്രി ശെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ സലിം പറഞ്ഞു. മൂന്ന് വർഷത്തിനകം എക്‌സൈസ്, കോർപ്പറേറ്റ് നികുതികൾ ഏർപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവൺമെന്റിന്റെ നാലുവർഷത്തെ കർമപദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് സെയ്ഫ് പാലസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പുതുതായി ചുമതലയേറ്റ തന്റെ സർക്കാറിന്റെ മനസ്സിൽ നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങളുണ്ടെന്നും മൂന്ന് വർഷത്തിനുള്ളിൽ എക്‌സൈസ്, കോർപ്പറേറ്റ് നികുതികൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2017-ൽ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലുമായി ധാരണയുണ്ടാക്കിയെങ്കിലും വാറ്റ് ഏർപ്പെടുത്തുന്നതിൽ കുവൈത്ത് സർക്കാർ ഏറെക്കാലമായി ജാഗ്രത പുലർത്തിയിരുന്നു. സർക്കാരിന്റെ കാഴ്ചപ്പാട് നീതി, സുരക്ഷ, സുസ്ഥിരത എന്നീ മൂന്ന് സ്തംഭങ്ങളിലാണ് ഊന്നുന്നത്. സബ്‌സിഡി സമ്പ്രദായം മന്ത്രിസഭ പരിഷ്‌കരിക്കും. മധ്യവർഗത്തിന് പിന്തുണയുടെ സിംഹഭാഗവും ഉണ്ടാകുമ്പോൾ തന്നെ ഉയർന്ന വരുമാനമുള്ള വിഭാഗത്തിന് ഈ പിന്തുണയുടെ ഒരു ഭാഗം ഏറ്റവും ആവശ്യമുള്ളവർക്ക് അനുകൂലമായി ഉപയോഗിക്കാനാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശോഷണം സംഭവിച്ച പ്രകൃതിസമ്പത്ത് കൊണ്ട് മാത്രം ഒരു ക്ഷേമരാഷ്ട്രം നിലനിർത്താനാവില്ല. നശിക്കുന്ന പ്രകൃതി സമ്പത്തിനെ പുനരുൽപ്പാദിപ്പിക്കാവുന്ന വിഭവങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ മുന്നോട്ട് വച്ചിട്ടുണ്ട്. മനുഷ്യ മൂലധനത്തിലെ തീവ്രമായ നിക്ഷേപത്തിലും സാങ്കേതിക വിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടക്കമുള്ള ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിഗത പലിശരഹിത വായ്പകളും ദീർഘകാലമായി കാത്തിരുന്ന നിയമനിർമമ്മാണവും സംബന്ധിച്ച രണ്ട് ബില്ലുകളുടെ ചർച്ച മാറ്റിവെച്ചതനുസരിച്ച് ചില പൗരന്മാർക്ക് അധിക ജീവിതച്ചെലവ് അലവൻസുകൾ ലഭിക്കും. എല്ലാവരുടെയും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.