ദുബായ് : വാഹനമോടിക്കുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി ദുബായ് പോലീസ്. തല വാഹനത്തിനു മുകളിലൂടെ പുറത്തേക്കിടുകയോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം ഡോറിലൂടെ പുറത്തു കാണിക്കുകയോ ചെയ്യുന്നതിന് പിഴ വിധിക്കുമെന്നാണ് മുന്നറിയിപ്പ്. വാഹനം നീങ്ങുമ്പോള്‍ സണ്‍റൂഫിന് പുറത്ത് നില്‍ക്കുകയും മുകളില്‍ ഇരിക്കുകയും ചെയ്യുന്നത് വാഹനം പിടിച്ചെടുക്കാനും പിഴ ഈടാക്കാനും ബ്ലാക്ക് പോയിന്റുകള്‍ക്കും കാരണമാകും.
സഞ്ചരിക്കുന്ന കാറിന്റെ മേല്‍ക്കൂരയില്‍ കുട്ടികള്‍ ഇരിക്കുന്നതും ഡോറുകളിലൂടെ പൂറത്തേക്ക് കൈയിടുന്നതും ഉള്‍പ്പെടെയുള്ള വീഡിയോ തൂങ്ങിക്കിടക്കുന്നതുമായ വീഡിയോ അതോറിറ്റി വെള്ളിയാഴ്ച പങ്കിട്ടു. ഓടുന്ന വാഹനങ്ങളില്‍ നിന്ന് വീണ് പരുക്കേറ്റ അഞ്ച് സംഭവങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതെന്ന് ദുബായ് പോലീസ് വെളിപ്പെടുത്തി. ‘സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്തുന്ന തരത്തില്‍’ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ട 1,183 നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 707 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ഡ്രൈവര്‍മാര്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടാമെന്നും അതോറിറ്റി അറിയിച്ചു. കൂടാതെ, കണ്ടുകെട്ടിയ വാഹനം വിട്ടുകിട്ടാന്‍ ഉടമ 50,000 ദിര്‍ഹം കൂടി പിഴ നല്‍കണം.
വാഹനമോടിക്കുന്നവരും യാത്രക്കാരും കാല്‍നടയാത്രക്കാരും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിച്ചാല്‍ മാത്രമേ പല റോഡപകടങ്ങളും തടയാനാകൂവെന്ന് ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.
എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാത്തരം ലംഘനങ്ങളും തടയാന്‍ നിയമം കര്‍ശനമായി പാലിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. റോഡ് സുരക്ഷാ ലംഘനങ്ങള്‍ ദുബായ് പോലീസ് ആപ്പിലെ ‘പോലീസ് ഐ’ സേവനത്തിലൂടെയോ അല്ലെങ്കില്‍ 901 എന്ന നമ്പറില്‍ ‘വി ആര്‍ ഓള്‍ പോലീസ്’ സേവനത്തിലൂടെയോ അറിയിക്കാന്‍ അവര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.