ദുബായ് : ക്രിമിനല്‍ കുറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ ദുബായില്‍ ഇനി മുതല്‍ പോലീസ് സ്‌റ്റേഷനില്‍ പോകണമെന്നില്ല. പെട്രോള്‍ സ്‌റ്റേഷനില്‍ പോയാലും പരാതി നല്‍കാം. കുറ്റകൃത്യത്തിന് ഇരയാവുകയോ, റോഡപകടങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും സാക്ഷിയാവുകയോ, സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കാണുകയോ ചെയ്താല്‍ അത് അടുത്തുള്ള പെട്രോള്‍ സ്‌റ്റേഷനില്‍ അറിയിക്കാം. ഇതുവഴി പരാതിക്കാരന് പോലീസ് സ്‌റ്റേഷനില്‍ പോകാതെ തന്നെ ഉടന്‍ പരിഹാരം ലഭിക്കും.
താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വേണ്ടിയാണ് ഈ സൗകര്യം കൊണ്ടുവന്നത്. പെട്രോള്‍ കമ്പനികളായ എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി (ഇനോക്), അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്), എമറാത്ത് എന്നിവയുമായി സഹകരിച്ചാണ് ഓണ്‍ദിഗോ എന്ന പുതിയ സേവനം ആരംഭിച്ചത്.
ഇന്ധന സ്‌റ്റേഷനുകളില്‍ പോലീസ് സേവനങ്ങള്‍ നല്‍കുന്ന ലോകത്തിലെ ആദ്യ സംരംഭമാണ് ‘ഓണ്‍ദിഗോ’ എന്ന് സംരംഭത്തിന്റെ തലവനായ ഫസ്റ്റ് ലെഫ്റ്റനന്റ് മാജിദ് ബിന്‍ സഈദ് അല്‍ കാബി അഭിപ്രായപ്പെട്ടു. ‘ഈ നൂതന സേവനം വ്യക്തികളെ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സംഭാവന നല്‍കാനും പ്രാപ്തരാക്കുന്നു. ദുബൈയിലുടനീളമുള്ള 138 പെട്രോള്‍ സ്‌റ്റേഷനുകളില്‍ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളെ സഹായിക്കാന്‍ പരിശീലനം ലഭിച്ച 11 സ്ഥാപനങ്ങളില്‍ നിന്നുള്ള 4,867 ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്. ഇനോക്, അഡ്‌നോക്, എമറാത്ത്, ദുബൈ ടാക്‌സി കോര്‍പ്പറേഷന്‍, എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട്, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി, ഫസ്റ്റ് സെക്യൂരിറ്റി ഗ്രൂപ്പ്, വാര്‍ഡ് സെക്യൂരിറ്റി, അമന്‍ സെക്യൂരിറ്റി ട്രെയിനിംഗ്, ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പ്, എമിറേറ്റ്‌സ് ലേലം എന്നിവയില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍.