ദുബായ് : കഴിഞ്ഞ വര്‍ഷം ദുബായ് സന്ദര്‍ശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കോണമി ആന്റ് ടൂറിസം അറിയിച്ചു. 2023 ല്‍ 1.715 കോടി വിദേശ ടൂറിസ്റ്റുകളാണ് ദുബായ് സന്ദര്‍ശിച്ചത്. 2022 ല്‍ 1.436 കോടി വിദേശ ടൂറിസ്റ്റുകളെയാണ് ദുബായ് സ്വീകരിച്ചത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 19.4 ശതമാനം തോതില്‍ വര്‍ധിച്ചു. ഇതിനു മുമ്പ് 2019 ല്‍ ആണ് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഏറ്റവും ഉയര്‍ന്നത്. ആ കൊല്ലം 1.673 കോടി ടൂറിസ്റ്റുകളാണ് ദുബായ് സന്ദര്‍ശിച്ചത്.
ദുബായ് സന്ദര്‍ശകരില്‍ 28 ശതമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മധ്യപൗരസ്ത്യദേശത്തു നിന്നും ഉത്തരാഫ്രിക്കയില്‍ നിന്നുമുള്ളവരായിരുന്നു. ടൂറിസ്റ്റുകളില്‍ 19 ശതമാനം പശ്ചിമ യൂറോപ്പില്‍ നിന്നും 18 ശതമാനം തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 13 ശതമാനം കിഴക്കന്‍ യൂറോപ്പില്‍ നിന്നും കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് മേഖലയില്‍ നിന്നും ഒമ്പതു ശതമാനം വടക്കു, തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നും ഏഴു ശതമാനം വടക്കേ അമേരിക്കയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നും നാലു ശതമാനം ആഫ്രിക്കയില്‍ നിന്നും രണ്ടു ശതമാനം ഓസ്‌ട്രേലിയയില്‍ നിന്നുമായിരുന്നു.