റിയാദ് : ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറും മുഖീം പോര്‍ട്ടലും വഴി ജവാസാത്ത് ഡയറക്ടറേറ്റ് എട്ടു ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടി പുതുതായി ആരംഭിച്ചതോടെ സമീപകാലത്ത് ഏര്‍പ്പെടുത്തിയ സേവനങ്ങളുടെ എണ്ണം പതിനാറായി.
പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്തതിനെ കുറിച്ച് അറിയിക്കല്‍, സന്ദര്‍ശകര്‍ക്കുള്ള ഡിജിറ്റല്‍ ഡോക്യുമെന്റ്, മുഖീം റിപ്പോര്‍ട്ട്, വിസിറ്റര്‍ റിപ്പോര്‍ട്ട് എന്നീ നാലു സേവനങ്ങളാണ് അബ്ശിറില്‍ പുതുതായി ആരംഭിച്ചത്. തിരിച്ചറിയല്‍ കാര്‍ഡില്‍ വിവര്‍ത്തനം ചെയ്ത പേരിലെ തിരുത്തല്‍, ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയിക്കല്‍, വിസകളെ കുറിച്ച അന്വേഷണവും വെരിഫിക്കേഷനും, തൊഴിലുടമകള്‍ക്കുള്ള അലെര്‍ട്ടുകള്‍ എന്നീ നാലു സേവനങ്ങള്‍ മുഖീം പോര്‍ട്ടലിലും പുതുതായി ആരംഭിച്ചു.
അടുത്തിടെ അബ്ശിറില്‍ പുതുതായി ഉള്‍പ്പെടുത്തിയ മറ്റ് സേവനങ്ങള്‍.
വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ട്രാഫിക് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ അപ്പീല്‍ നല്‍കല്‍
വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഉപേക്ഷിക്കല്‍
തോക്കുകളുടെ ഉടമസ്ഥാവകാശ മാറ്റം
ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യു ചെയ്യല്‍
ബൈക്കുകള്‍ ഓടിക്കാന്‍ മറ്റുള്ളവര്‍ക്ക് ഓതറൈസേഷന്‍ നല്‍കല്‍
ബൈക്ക് രജിസ്‌ട്രേഷന്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍
ബൈക്കുകളുടെ ഉടമസ്ഥാവകാശം മാറ്റല്‍
റോഡ് ജോലികള്‍ക്കുള്ള പെര്‍മിറ്റ്
ക്രിമിനല്‍ റെക്കോര്‍ഡ് റിപ്പോര്‍ട്ട്
കേടായ തിരിച്ചറിയല്‍ കാര്‍ഡിനു പകരം പുതിയ കാര്‍ഡ് അനുവദിക്കല്‍
കുടുംബാംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കല്‍
സൗദി തിരിച്ചറിയല്‍ കാര്‍ഡ് തപാല്‍ വഴി എത്തിക്കല്‍
സൗദി തിരിച്ചറിയല്‍ കാര്‍ഡ് ആക്ടിവേറ്റ് ചെയ്യല്‍
സൗദി തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കുന്നതിന് ഫോട്ടോ സമര്‍പ്പിക്കുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ ഏര്‍പ്പെടുത്തല്‍
പരിഷ്‌കരിച്ച ബയാനാതീ സേവനം
ഡിജിറ്റല്‍ രേഖകള്‍, ഡിജിറ്റല്‍ രേഖകളുടെ വെരിഫിക്കേഷന്‍, വാഹന വില്‍പന നടപടിക്രമങ്ങള്‍, ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കുള്ള ലേലം, ജീര്‍ണിച്ചതിനാലും കേടായതിനാലും മറ്റും ദീര്‍ഘകാലമായി ഉപയോഗിക്കാത്ത വാഹനങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യല്‍, സൗദി പൗരന്മാരുടെയും വിദേശികളുടെയും നവജാതശിശുക്കളുടെ ജനന രജിസ്‌ട്രേഷന്‍, പുതിയ ഇഖാമ, ഇഖാമ പുതുക്കല്‍, സൗദി പാസ്‌പോര്‍ട്ടുകള്‍, റീ-എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് എന്നിവ അടക്കം 400 ഓളം സേവനങ്ങള്‍ അബ്ശിര്‍ വഴി വ്യക്തികള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ജവാസാത്ത് അടക്കമുള്ള ആഭ്യന്തര മന്ത്രാലയ വകുപ്പുകളും ഡിപ്പാര്‍ട്ട്‌മെന്റുകളും നല്‍കുന്നു.