ജിദ്ദ : സൗദി ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക്. കഴിഞ്ഞ വർഷം 2.7 കോടി വിദേശ ടൂറിസ്റ്റുകൾ സൗദി അറേബ്യ സന്ദർശിച്ചതായി ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ് വെളിപ്പെടുത്തി. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾ അടക്കം ആകെ വിനോദ സഞ്ചാരികൾ 10 കോടിയായി കഴിഞ്ഞ കൊല്ലം ഉയർന്നു.
ഇതിൽ 7.3 കോടി ആഭ്യന്തര ടൂറിസ്റ്റുകളും 2.7 കോടി വിദേശ ടൂറിസ്റ്റുകളുമായിരുന്നു. ഇവർ സൗദിയിൽ 10,000 കോടി റിയാൽ ചെലവഴിച്ചു. വിഷൻ-2030 ന്റെ പുതിയ തന്ത്രത്തിലൂടെ 2030 ഓടെ എട്ടു കോടി ആഭ്യന്തര ടൂറിസ്റ്റുകളും ഏഴു കോടി വിദേശ ടൂറിസ്റ്റുകളും അടക്കം വിനോദസഞ്ചാരികളുടെ എണ്ണം 15 കോടിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
ടൂറിസം മേഖലാ ജോലികളിൽ ഒരു വർഷത്തിനിടെ ഒരു ലക്ഷത്തിലേറെ സൗദി യുവതീ യുവാക്കൾക്ക് പരിശീലനങ്ങൾ നൽകി. ഇക്കൂട്ടത്തിൽ 15,000 പേർ ലോകത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ നിന്നാണ് പരിശീലനം നേടിയത്. പരിശീലന പ്രോഗ്രാമുകളുടെ ചെലവുകൾ സർക്കാർ വഹിക്കുന്നു. സ്വദേശികളുടെ വേതന നിലവാരം മെച്ചപ്പെടുത്തുന്നതിൽ മാനവശേഷി വികസനനിധി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. ടൂറിസം വികസന നിധി 50 ടൂറിസം പദ്ധതികൾക്ക് 3,500 കോടിയിലേറെ റിയാലിന്റെ വായ്പകൾ അനുവദിച്ചിട്ടുണ്ട്. മറ്റു ലോക രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയിൽ ടൂറിസം മേഖലയിൽ നിക്ഷേപങ്ങൾ കൂടുതൽ ആകർഷണീയവും എളുപ്പവുമാണെന്നും ടൂറിസം മന്ത്രി പറഞ്ഞു.