ജിദ്ദ : സൗദിയില്‍ പഴയ കാറുകളുടെ വില കുറയുന്ന പ്രവണത തുടരുന്നു. കഴിഞ്ഞ മാസം യൂസ്ഡ് കാറുകളുടെ വില നാലു ശതമാനം തോതില്‍ കുറഞ്ഞു. തുടര്‍ച്ചയായി അഞ്ചാം മാസമാണ് പഴയ കാറുകളുടെ വില കുറയുന്നത്. നേരത്തെ സൗദിയില്‍ യൂസ്ഡ് കാറുകളുടെ വില 30 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. നേരത്തെ യൂസ്ഡ് കാര്‍ വിപണിയിലുണ്ടായ വലിയ വിലക്കയറ്റവുമായി താരതമ്യം ചെയ്താല്‍ ഇപ്പോള്‍ വിലയിലുണ്ടായ കുറവ് നാമമാത്രമാണെന്ന് ഉപയോക്താക്കള്‍ പറയുന്നു.
യൂസ്ഡ് കാര്‍ ഷോറൂമുകളിലെത്തുന്ന ഉപയോക്താക്കള്‍ക്ക് വിലക്കയറ്റത്തില്‍ കടുത്ത അസംതൃപ്തിയുണ്ട്. ഷോറൂമുകള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ബ്രോക്കര്‍മാരാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് ഉപയോക്താക്കള്‍ പറയുന്നു. വില്‍പനക്ക് കൊണ്ടുവരുന്ന കാറുകള്‍ ഷോറൂമുകളിലെത്തുന്നതിനു മുമ്പായി തടഞ്ഞുനിര്‍ത്തി വിലപേശലുകള്‍ നടത്തി കുറഞ്ഞ വിലക്ക് വാങ്ങുന്ന ഇവര്‍ പിന്നീട് ഉയര്‍ന്ന വിലക്ക് വില്‍ക്കുകയാണ്. കാറുകള്‍ക്ക് വലിയ ഡിമാന്റുണ്ടെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ലേലം വിളിക്കുന്നവരും കാറുകളുടെ വില മനഃപൂര്‍വം ഉയര്‍ത്തുന്നു.
പുതിയ കാറുകളുടെ വില ഉയര്‍ന്നതാണ് യൂസ്ഡ് കാറുകളുടെ വില ഉയരാന്‍ പ്രധാന കാരണമെന്ന് വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പലിശ നിരക്കുകള്‍ ഉയര്‍ന്നതും പഴയ കാറുകളുടെ വില ഉയരാന്‍ ഇടയാക്കിയ ഘടകമാണ്. പലിശ നിരക്കുകള്‍ ഉയര്‍ന്നത് തങ്ങളുടെ വായ്പാ ശേഷിക്കനുസരിച്ച് പഴയ കാറുകള്‍ തെരഞ്ഞെടുക്കാന്‍ നിരവധി പേരെ പ്രേരിപ്പിക്കുന്നു. പഴയ കാറുകള്‍ക്ക് വനിതകളില്‍ നിന്നുള്ള ആവശ്യം വര്‍ധിച്ചിട്ടുണ്ട്. ഇതും യൂസ്ഡ് കാറുകളുടെ വില ഉയരാന്‍ ഇടയാക്കുന്ന ഘടകമാണ്.
കാറുകളുടെ വിലക്കയറ്റം ഈ വര്‍ഷം മധ്യം വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. നിരവധി രാജ്യങ്ങളില്‍ പുതിയ കാറുകളുടെ വില്‍പന 20 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ഇലക്‌ട്രോണിക് ചിപ്പുകളുടെ ക്ഷാമം മാത്രമല്ല നിലവില്‍ കാറുകളുടെ വില ഉയരാന്‍ കാരണമാക്കുന്നത്. പ്ലാസ്റ്റിക്, ഗ്ലാസ്, വയറുകള്‍ എന്നിവയുടെയെല്ലാം ക്ഷാമത്തെ കുറിച്ച് കാര്‍ നിര്‍മാതാക്കള്‍ പരാതിപ്പെടുന്നു. എങ്കിലും ചിപ്പുകളുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് ഏറ്റവും വലിയ കാരണം. പുതിയ കാറുകളുടെ വലിയ ദൗര്‍ലഭ്യവും വിലക്കയറ്റവും പുതിയ കാറുകള്‍ ലഭിക്കാന്‍ ദീര്‍ഘ കാലം കാത്തിരിക്കേണ്ടിവരുന്നതും പഴയ കാറുകളുടെ വില ഉയരാന്‍ കാരണമാണ്. ചില പുതിയ മോഡല്‍ കാറുകള്‍ ലഭിക്കാന്‍ മൂന്നു മാസത്തിലേറെ കാത്തിരിക്കേണ്ടിവരുന്നുണ്ടെന്നും വാഹന വിപണി വിദഗ്ധര്‍ പറയുന്നു.