ജിദ്ദ : രാജ്യത്ത് നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനും നിക്ഷേപകരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ട് സമീപ കാലത്ത് 160 സംരംഭങ്ങള്‍ നടപ്പാക്കിയതായി സൗദി ബിസിനസ് സെന്റര്‍ അറിയിച്ചു.
നാഷണല്‍ കോംപറ്റിറ്റീവ്‌നെസ് സെന്ററുമായും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായുമുള്ള സംയോജനത്തിലൂടെ 150 ലേറെ നിയമങ്ങളും നിയമാവലികളും പുനഃപരിശോധിക്കുകയും 600 ലേറെ വ്യവസ്ഥകള്‍ പരിഷ്‌കരിക്കുകയും ചെയ്തു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും പിന്തുണയോടെയാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതെന്ന് വാണിജ്യ മന്ത്രിയും സൗദി ബിസിനസ് സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.
ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട 112 സര്‍ക്കാര്‍ ഏജന്‍സികളുമായി സംയോജിപ്പിച്ച് 17 സാമ്പത്തിക മേഖലകളില്‍ നിയമനിര്‍മാണ, നടപടിക്രമ, സാങ്കേതിക സംരംഭങ്ങളുടെ വികസനത്തിന് കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ സഹായിച്ചു.
ഈ ലക്ഷ്യത്തോടെ 280 ലേറെ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. കൂടാതെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുനഃക്രമീകരിക്കാനും സ്വകാര്യ മേഖലാ പങ്കാളിത്തവും പ്രയോജനപ്പെടുത്തിയതായി വാണിജ്യ മന്ത്രി പറഞ്ഞു.