മദീന : നവജാത ശിശുക്കളിൽ ഹൃദ്രോഗത്തിനും മസ്തിഷ്‌ക രോഗങ്ങൾക്കും സുഷുമ്‌ന നാഡിക്കും തകരാറുകളുണ്ടാക്കുന്ന ജീനുകളെ കുറിച്ചുള്ള പഠനത്തിൽ വൻ നേട്ടമുണ്ടാക്കി മദീനയിലെ അൽ തൈബ സർവകലാശാല.
ഡോ.നായിഫ് അൽ മിൻതശരിയുടെ നേതൃത്വത്തിലുള്ള, യൂനിവേഴ്‌സിറ്റിക്കു കീഴിലെ ജീനുകളെ കുറിച്ചും പാരമ്പര്യ രോഗങ്ങളെ കുറിച്ചുമുള്ള റിസർച്ച സെന്ററാണ് ഈ അപൂർവ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
ഭ്രൂണവളർച്ചയുടെ ആദ്യ ആഴ്ചകളിൽ തന്നെ തലച്ചോറിന്റെയും ഹൃദയത്തിന്റെയും നട്ടെല്ലിന്റെയും വളർച്ചക്കു സഹായകമാകുന്ന ജീനുകളിലെ ഏറ്റവും പ്രധാനപ്പെട്ട ജീനുകളിലൊന്നായ വി.എ.എൻ.ജി.എൽ-2 ജീനിനു സംഭവിക്കുന്ന മ്യൂട്ടേഷനാണ് വൈകല്യങ്ങൾക്കു കാരണമാകുന്നതെന്നാണ് യൂനിവേഴ്‌സിറ്റിയിലെ വിദഗ്ധ സംഘത്തിന്റെ ഗവേഷണത്തിൽ കണ്ടെത്തിയതെന്ന് കേന്ദ്രം ഡയറക്ടർ നായിഫ് അൽ മിൻതശരി പറഞ്ഞു. വൈകല്യങ്ങളുമായി ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണപ്പട്ട കുട്ടികളെ കുറിച്ചും മാതാപിതാക്കളെ കുറിച്ചുള്ള ഗവേഷണമാണ് കണ്ടെത്തലിലേക്കു നയിച്ചത്.
പിന്നീട് സീബ്ര ഫിഷുകളിൽ ഇവ പരീക്ഷിച്ചു വിജയിക്കുകയും ചെയ്തു. അന്താരാഷ്ട്ര മെഡിക്കൽ മാഗസിനായ ഹ്യൂമൺ മോളിക്കുലാർ സൗദി യൂനിവേഴ്‌സിറ്റിയുടെ നേട്ടത്തെ കുറിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൗദി യൂനിവേഴ്‌സിറ്റിയിൽ അപൂർവ കണ്ടുപിടിത്തം
