കുവൈത്ത് സിറ്റി : ഫാമിലി, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കുന്നത്.
ഉപപ്രധാനമന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സബാഹിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം. ഫെബ്രുവരി ഏഴ് ബുധനാഴ്ച മുതല്‍ രാജ്യത്തെ വിവിധ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മറ്റ പ്ലാറ്റ്‌ഫോം വഴി സന്ദര്‍ശന വിസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും.
ഫാമിലി വിസിറ്റ് വിസകളും ടൂറിസ്റ്റ് വിസകളും നല്‍കുന്നത് കഴിഞ്ഞ ഓഗസ്റ്റിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.
പിതാവ്, മാതാവ്, ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്ക് ഫാമിലി വിസ അനുവദിക്കും. അപേക്ഷകന്റെ അശമ്പളം 400 കുവൈത്ത് ദിനാറില്‍ കുറയാന്‍ പാടില്ല. മറ്റു ബന്ധുക്കളെ കൊണ്ടുവരണമെങ്കില്‍ ശമ്പളം 800 കുവൈത്ത് ദിനാറില്‍ കുറയാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ദേശീയ എയര്‍ലൈനുകളുമായി അഫിലിയേറ്റ് ചെയ്ത വിമാനങ്ങളില്‍ മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. ഈ സന്ദര്‍ശന വിസകള്‍ രാജ്യത്ത് സ്ഥിരതാമസത്തിനുള്ള വിസകളാക്കി മാറ്റണമെന്ന് ആവശ്യപ്പെടില്ലെന്ന് എഴുതി നല്‍കണം. സന്ദര്‍ശന കാലയളവ് കൃത്യമായി പാലിക്കുമെന്ന് ഉറപ്പ് നല്‍കുകയും വേണം.
സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മാത്രമേ, സന്ദര്‍ശകര്‍ക്ക് ചികിത്സ നല്‍കുകയുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ അനുവദിക്കില്ല. താമസ കാലയളവ് ലംഘിച്ചാല്‍ സന്ദര്‍ശകനും സ്‌പോണ്‍സര്‍ക്കുമെതിരെ നിയമലംഘകര്‍ക്കുള്ള നിയമ നടപടികള്‍ സ്വീകരിക്കും.
കുവൈത്ത് കമ്പനിയോ സ്ഥാപനമോ സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാണിജ്യ വിസ നല്‍കുക. കമ്പനിയുടെ പ്രവര്‍ത്തനത്തിനും അതിന്റെ ജോലിയുടെ സ്വഭാവത്തിനും അനുസൃതമായ രീതിയില്‍ യൂണിവേഴ്‌സിറ്റി അല്ലെങ്കില്‍ സാങ്കേതിക യോഗ്യതയുള്ള വ്യക്തികളായിരിക്കണം.
53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവലായോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇലക്ട്രോണിക് വിസയായോ ടൂറിസ്റ്റ് വിസകള്‍ ലഭിക്കും.