ജിദ്ദ : ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 25 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ 10,096 പേരെയാണ് നാടുകടത്തിയത്. ഇക്കാലയളവിൽ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 10,874 ഇഖാമ നിയമ ലംഘകരും 4,123 നുഴഞ്ഞുകയറ്റക്കാരും 2,899 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 17,896 നിയമ ലംഘകർ അറസ്റ്റിലായി.
ഒരാഴ്ചക്കിടെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 937 പേരും അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 48 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ ഏഴു പേരും അറസ്റ്റിലായി.
നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 56,686 പേർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തിൽ 5,241 പേർ വനിതകളാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 49,721 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിക്കുന്നു. 1,789 പേർക്ക് മടക്കയാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരിശോധന ശക്തം; ഒരാഴ്ച്ചക്കിടെ സൗദിയിൽനിന്ന് നാടുകടത്തിയത് പതിനായിരത്തിലേറെ പേരെ
