റിയാദ് : ബഹ്‌റൈനിന്റെ ദേശീയ വിമാനകമ്പനിയായ ഗള്‍ഫ് എയര്‍ സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അല്‍ഉലയിലേക്ക് സര്‍വീസ് തുടങ്ങി. മാര്‍ച്ച് ആറുവരെയും ഏപ്രില്‍ 10 മുതല്‍ 27 വരെയും ആഴ്ചയില്‍ രണ്ടു പ്രാവശ്യമാണ് സര്‍വീസ്. എ320 നിയോ ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ഈ റൂട്ടില്‍ സര്‍വീസിനുണ്ടാവുക.
അല്‍ഉലയെ വിവിധ ദേശീയ, അന്തര്‍ദേശീയ സര്‍വീസുകളുമായി ബന്ധിപ്പിക്കാനും സൗദിയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളുടെ ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റാനും അല്‍ഉല റോയല്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി വിദേശവിമാനകമ്പനികള്‍ സീണണില്‍ അല്‍ഉലയിലേക്ക് സര്‍വീസ് നടത്തും.
ടൂറിസം, സാംസ്‌കാരിക മേഖലയിലെ പരിചയത്തിലേക്ക് പുതിയ യാത്രക്കാരെ സ്വാഗതം ചെയ്യുന്നതായി അല്‍ഉല ടൂറിസം വിഭാഗം വൈസ് പ്രസിഡന്റ് റാമീ അല്‍മുഅല്ലിം പറഞ്ഞു. 2021ലാണ് അല്‍ഉല വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കിയത്. മണിക്കൂറില്‍ 15 വിമാനങ്ങള്‍ക്ക് ലാന്റ് ചെയ്യാവുന്ന വിധത്തില്‍ 25 ലക്ഷം ചതുരശ്രമീറ്റര്‍ അധികമായി വിമാനത്താവളം വിപുലീകരിച്ചിരുന്നു. പാരീസില്‍ നിന്ന് അല്‍ഉലയിലേക്ക് സൗദി എയര്‍ലൈന്‍സും ദോഹ, ദുബൈ, കയ്‌റോ എന്നിവിടങ്ങളില്‍ നിന്ന് മറ്റു വിമാനങ്ങളും അല്‍ഉലയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.