അറാര്‍ : പുരാതന കാലത്ത് യാത്രാ സംഘങ്ങളുടെ ദാഹമകറ്റിയ അല്‍അശാര്‍ കുളം ഇന്നും വിസ്മയമായി നിലനില്‍ക്കുന്നു. ഈ പുരാവസ്തുകുളം ഏറ്റവും വലതും പ്രധാനപ്പെട്ടതുമായ ചരിത്ര സ്ഥലങ്ങളില്‍ ഒന്നാണ്. പുരാതന കാലത്ത് പുണ്യഭൂമിയിലേക്കുള്ള സഞ്ചാരപഥമായി തീര്‍ഥാടകര്‍ ഉപയോഗിച്ചിരുന്ന പ്രശസ്തമായ ദര്‍ബ് സുബൈദ പാതയിലെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണിത്. ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ ചരിത്ര ഗ്രാമമായ ലേനയില്‍ നിന്ന് 60 കിലോമീറ്റര്‍ തെക്ക് നഫൂദ് മരുഭൂമിയുടെ ഹൃദയഭാഗത്ത് മണല്‍കൂനകള്‍ക്ക് നടുവിലാണ് അല്‍അശാര്‍ കുളം സ്ഥിതി ചെയ്യുന്നത്.
അല്‍അശാര്‍ കുളത്തിനോട് ചേര്‍ന്ന് മൂന്നു കിലോമീറ്റര്‍ നീളത്തിലും 500 മീറ്ററിലേറെ വീതിയിലുമായി പരന്നുകിടക്കുന്ന പ്രദേശത്ത് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന 30 നിര്‍മാണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊട്ടാരങ്ങളുടെയും വീടുകളുടെയും മാര്‍ക്കറ്റുകളുടെയും അവശിഷ്ടങ്ങളാണിവ. ദീര്‍ഘചതുരാകൃതിയിലുള്ള അല്‍അശായിര്‍ കുളത്തിന് 65 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയും അഞ്ചു മീറ്റര്‍ ആഴവുമുണ്ട്. അല്‍ഖാലിസിയ കുളം, അല്‍മഹ്ദിയ കുളം, അല്‍മുതവക്കില്‍ കുളം എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ജലസ്രോതസ്സുകള്‍. താഴ്‌വരകളും നീര്‍ചാലുകളും തിരിച്ചുവിടുന്നതിലൂടെ ഏഴു കിലോമീറ്ററിലേറെ അകലെ നിന്ന് അല്‍അശായിര്‍ കുളത്തിലേക്ക് വെള്ളം വലിച്ചെടുക്കുന്നു. വെള്ളത്തില്‍ ഇറങ്ങുന്ന പ്രക്രിയ സുഗമമാക്കുന്നതിന് കുളത്തില്‍ കല്‍പടവുകളുമുണ്ട്. ദര്‍ബ് സുബൈദ പാതയിലെ ഏറ്റവും മനോഹരമായ കുളമാണിത്.
അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, പുരാതന പാതകളില്‍ ഒന്നാണ് ദര്‍ബ് സുബൈദ. ഇതിന് ആയിരത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. അബ്ബാസി ഭരണ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പാതയായിരുന്നു ഇത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ദര്‍ബ് സുബൈദ രജിസ്റ്റര്‍ ചെയ്യാന്‍ സൗദി അറേബ്യയും ഇറാഖും സഹകരിച്ച് നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇറാഖില്‍ നിന്നും സമീപത്തെ മറ്റു ഇസ്‌ലാമിക് രാജ്യങ്ങളില്‍ നിന്നും കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഹജ്, ഉംറ തീര്‍ഥാടകരുടെ സേവനത്തിനു വേണ്ടിയാണ് ദര്‍ബ് സുബൈദ നിര്‍മിച്ചത്. അബ്ബാസി ഭരണകാലത്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായത്. അബ്ബാസി ഖലീഫ ഹാറൂന്‍ അല്‍റശീദിന്റെ പത്‌നി സുബൈദയാണ് ഈ പാതയുടെ നിര്‍മാണത്തിന് പ്രധാനമായും സംഭാവന നല്‍കിയത്. ഈ പാതക്ക് ദര്‍ബ് സുബൈദ എന്ന പേര് ലഭിക്കാന്‍ കാരണം ഇതാണ്. ഇറാഖിലെ കൂഫയില്‍ നിന്ന് മക്കയിലേക്ക് 1,571 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിച്ച പാതയില്‍ കിണറുകളും കുളങ്ങളും അണക്കെട്ടുകളും ലൈറ്റ് ഹൗസുകളും അടയാളങ്ങളും വിശ്രമ സങ്കേതങ്ങളും അടക്കം യാത്രക്കാര്‍ക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങളെല്ലാം നിര്‍മിക്കുകയും ഒരുക്കുകയും ചെയ്തിരുന്നു.